ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമ ഉടൻ

ബെംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വൈകാതെ പുതിയ ഉടമ വരും. ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) നിലവിലെ ചാംപ്യന്മാരും ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നുമാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി).

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരം വിരാട് കോലി പ്രതിനിധീകരിക്കുന്ന ടീം ആണ് ആർസിബി. ഫ്രഞ്ചൈസിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ താൻ സജീവമായി രംഗത്തുണ്ടെന്ന് പൂനെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനാവാല എക്സിൽ വ്യക്തമാക്കി.

ഏതാനും മാസത്തിനകം ആർസിബിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള ശക്തവും വീറുറ്റതുമായ തൽപ്പര്യപത്രം സമർപ്പിക്കുമെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. മറ്റ് വിശദാംശങ്ങൾ ട്വീറ്റിലില്ല. മാർച്ചിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസൺ തുടങ്ങും. അതിനുമുൻപ് താൽപ്പര്യപത്രം സമർപ്പിക്കുമെന്നാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ആർസിബിയും ഓഹരി വിൽപനയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

എന്നാൽ, പുതിയ ഉടമകളെ കണ്ടെത്താനുള്ള പ്രാഥമിക നടപടികളിലേക്ക് നിലവിലെ പ്രമോട്ടർമാരും ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോയുടെ ഇന്ത്യൻ ഉപകമ്പനിയുമായ യുണൈറ്റഡ് സ്പിരിറ്റ്സ് (യുഎസ്എൽ) കടന്നിരുന്നു.

‘മദ്യ രാജാവ്’ എന്നും ‘കിങ് ഓഫ് ഗുഡ് ടൈംസ്’ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന വിജയ് മല്യയിൽ നിന്നാണ് 2016ൽ ആർസിബിയുടെ ഉടമസ്ഥാവകാശം യുഎസ്എൽ സ്വന്തമാക്കിയത്. ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്ത് ‘മനഃപൂർവം തിരിച്ചടയ്ക്കാതെ’ മുങ്ങിയ മല്യ ഇപ്പോഴുള്ളത് ലണ്ടനിൽ.

കഴിഞ്ഞവർഷത്തെ സീസണിലാണ് ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി വിരാട് കോലിയുടെ ടീം ചാംപ്യന്മാരായത്. എന്നാൽ, വിജയാഘോഷത്തിലെ തിക്കുംതിരക്കും 11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമായി മാറിയത് ടീമിനും വലിയ ക്ഷീണമായിരുന്നു.

ഇത്തവണത്തെ സീസണിൽ ആർസിബിയുടെ മത്സരങ്ങൾ ബെംഗളൂരുവിൽ (ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം) നിന്ന് ഒഴിവാക്കിയേക്കുമെന്ന ഊഹാപോഹങ്ങളും ഇതിനിടെ ഉയർന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉടമസ്ഥാവകാശം വിറ്റൊഴിയാനുള്ള യുഎസ്എലിന്റെ നീക്കം.
അതേസമയം, ആർസിബിയുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമിയിൽ തന്നെ നടത്തണമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‍സിഎ) ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പാൽ‌ എജ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പിന്റെ (എംഇഎംജി) സാരഥി ഡോ. രഞ്ജൻ പൈ, ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്ത്, സൂപ്പർഹിറ്റ് കന്നട ചലച്ചിത്രങ്ങളായ കെജിഎഫ്, കാന്താര എന്നിവയുടെ പ്രൊഡക്ഷൻ കമ്പനിയായ ഹോമ്പാലെ ഫിലിംസ് എന്നിവരും ആർസിബിയുടെ ഓഹരി ഉടമകളാകാൻ മത്സരരംഗത്തുണ്ട്.

X
Top