ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

‘പുനര്‍വിചിന്തന ടൂറിസം’ ( Rethinking Tourism) 

പി എ മുഹമ്മദ് റിയാസ്, ടൂറിസം മന്ത്രി 

‘പുനര്‍വിചിന്തന ടൂറിസം’ ( Rethinking Tourism) എന്നതാണ് ഈ വര്‍ഷത്തെ ലോക വിനോദസഞ്ചാര ദിനത്തിന്‍റെ പ്രമേയം. ഇത് ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ്. ഈ പ്രമേയത്തോടുള്ള ഉറച്ച പ്രതിബദ്ധത കേരള ടൂറിസം വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ പ്രശംസ നേടിയ ഉത്തരവാദിത്ത ടൂറിസം സംരംഭത്തിലൂടെ വിനോദസഞ്ചാരത്തെ ഒരു സുസ്ഥിര പ്രവര്‍ത്തനമാക്കി മാറ്റി കേരളം ഇതിനകം തന്നെ മാതൃക സൃഷ്ടിച്ചിട്ടുണ്ട്. പ്രകൃതിസമ്പത്തും നാടിന്‍റെ തനതായ സാംസ്കാരിക പൈതൃകവും ഈടുവയ്പുകളും കോട്ടം വരാത്ത രീതിയില്‍ ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുക എന്നതാണ് കേരള ടൂറിസം മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം. കാരവന്‍ കേരള പോലുള്ള പുതിയ ഉത്പന്നങ്ങളും സംരംഭങ്ങളും ഈ വീക്ഷണത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. അനുഭവവേദ്യ വിനോദ സഞ്ചാരത്തിന്‍റെ പ്രധാന കേന്ദ്രമെന്ന നിലയ്ക്കാണ് കേരളം അടയാളപ്പെടുത്തുന്നത്. 
ടൂറിസം മേഖലയിലെ എല്ലാ പങ്കാളികള്‍ക്കും വിനോദസഞ്ചാരത്തെ പ്രതിഫലദായകമാക്കുന്ന തരത്തില്‍ പുനഃക്രമീകരിക്കുന്നത് കൂടുതല്‍ സാമൂഹിക പങ്കാളിത്തവും ഇടപഴകലും ഉറപ്പാക്കും. ഒപ്പം കൂട്ടുത്തരവാദിത്വത്തിന്‍റെ ശക്തമായ ബോധം വളര്‍ത്തുകയും ചെയ്യും.
പ്രകൃതിയെയും സാമൂഹിക സാംസ്കാരിക തനിമയെയും ശരിയായ നിലയില്‍ നിലനിര്‍ത്തിക്കൊണ്ട് ടൂറിസം വികസിപ്പിക്കുന്നതിനായുള്ള ശ്രമമാണ് കരുതല്‍ ടൂറിസം ( Conscious Tourism) എന്ന ആശയം ലക്ഷ്യമിടുന്നത്. പരമ്പരാഗത, സ്വാഭാവിക വികസന രീതികളില്‍ നിന്ന് മാറി സാമൂഹിക, പാരിസ്ഥിതിക, സാംസ്കാരിക സവിശേഷതകളെ കാത്തുസൂക്ഷിച്ചുകൊണ്ട് പ്രാദേശിക സമൂഹത്തിന് നേട്ടം ലഭിക്കും വിധം മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനം ലോകത്തിനു മാതൃകയാകണം എന്നതാണ് നമ്മള്‍ കാണുന്ന സ്വപ്നം.
ടൂറിസം ജനങ്ങളെ സ്പര്‍ശിക്കുന്നിടത്താണ് എല്ലാ പദ്ധതികളുടെയും വിജയം. നാടിന്‍റെ സാമ്പത്തിക ഉത്തേജക ശക്തിയായിക്കൂടി ടൂറിസം മാറുകയാണ്. ഇങ്ങനെ മാറുമ്പോഴാണ് പുനര്‍വിചിന്തന ടൂറിസം എന്ന ഇത്തവണത്തെ ടൂറിസം ദിന പ്രമേയത്തിന് പ്രസക്തി കൈവരുന്നത്. 

X
Top