
മുംബൈ: ഇന്ത്യയിൽ ക്ലെയിം ചെയ്യപ്പെടാത്ത സമ്പത്തിന്റെ അളവ് കേട്ടാൽ ആരുമൊന്ന് ഞെട്ടും. 2.2 ലക്ഷം കോടി രൂപയാണ് വിവിധ ഓഹരികൾ, ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് , ഇ.പി.എഫ് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലായി കിടക്കുന്നത്. പേഴ്സണൽ ഫിനാൻസ് അഡ്വൈസറി കമ്പനിയായ 1 Finance Magazine പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.
ഇതിൽത്തന്നെ ഏറ്റവും കൂടുതൽ തുകയുള്ളത് ഓഹരി വിപണിയുമായി ബന്ധപ്പെട്ടാണ്. 1,671 ലിസ്റ്റഡ് കമ്പനികളിലായി ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നത് 89,000 കോടി രൂപയാണ്. ബാങ്ക് ഡെപ്പോസിറ്റുകളിലെ ക്ലെയിം ചെയ്യാത്ത 97,545 കോടി രൂപ കഴിഞ്ഞാൽ രണ്ടാമതാണ് സ്റ്റോക്ക് മാർക്കറ്റിലെ തുകയുടെ സ്ഥാനം.
ഈ 2.2 ലക്ഷം കോടി രൂപയും കുറഞ്ഞ റിട്ടേൺ നേടുന്ന മരവിച്ച നിക്ഷേപങ്ങളല്ല. ഇവയിൽ ഭൂരിഭാഗവും ഹൈ-ഗ്രോത്ത് ഇൻവെസ്റ്റ്മെന്റ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ക്ലെയിം മിസ്സിങ്, ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ, നിക്ഷേപത്തെ സംബന്ധിച്ച് കുടുംബത്തിനുള്ള അറിവില്ലായ്മ തുടങ്ങിയവയെല്ലാം ഇത്തരം അൺ ക്ലെയിം ഇൻവെസ്റ്റ്മെന്റ് പെരുകാനുള്ള കാരണങ്ങളാണ്.
റിപ്പോർട്ട് പ്രകാരം റിസർവ് ബാങ്കിന്റെ Depositor Education and Awareness (DEA) ഫണ്ടിലുള്ള ബാങ്ക് ഡെപ്പോസിറ്റുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 3% പലിശയാണ് ലഭിക്കുന്നത്
ആകെ 2,20,742 കോടി രൂപയാണ് ഇത്തരത്തിൽ സെറ്റിൽ ചെയ്യാതെ കിടക്കുന്നത്.
വിവിധ നിക്ഷേപ മാർഗങ്ങളിലെ തുക, അവയുടെ ശതമാനാടിസ്ഥാനത്തിലുള്ള വിഹിതം എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്
- ബാങ്ക് നിക്ഷേപങ്ങൾ : 97,545 കോടി രൂപ (44.2%)
- ഇക്വിറ്റി ഓഹരികൾ : 89,004 കോടി (40.3%)
- ഇൻഷുറൻസ് പോളിസികൾ : 20,062 കോടി (9.1%)
- ഇ.പി.എഫ് അക്കൗണ്ടുകൾ : 10,915 കോടി (4.9%)
- മ്യൂച്വൽ ഫണ്ടുകൾ : 3,452 കോടി (1.6%)
- REITs, InvITs, NCDs : 764 കോടി (0.3%)






