
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതി തുടങ്ങാനാകാത്ത സാഹചര്യത്തില്‍ റിലയന്‍സിനെതിരെ പിഴ ചുമത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
2022ല്‍ ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് കരാര്‍ നേടിയിരുന്നു. പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു പദ്ധതി.
സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനിക്ക് 125 കോടി രൂപ വരെ പിഴ ചുമത്താന്‍ വ്യവസ്ഥകളുണ്ട്. ബാറ്ററി സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ അപേക്ഷിച്ച രാജേഷ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡും പദ്ധതി തുടങ്ങാത്ത സാഹചര്യത്തില്‍ പിഴയടക്കേണ്ടി വന്നേക്കാം.
ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ബാറ്ററി സെല്‍ പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്നതിനായി റിലയന്‍സ് ന്യൂ എനര്‍ജി, രാജേഷ് എക്സ്പോര്‍ട്ട്സ്, ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് യൂണിറ്റ് എന്നിവ 2022 ല്‍ കരാറുകള്‍ നേടിയിരുന്നു.
ഇതില്‍ ശതകോടീശ്വരന്‍ ഭവിഷ് അഗര്‍വാളിന്‍റെ ഓല സെല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ പ്രകാരമുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. 30 ജിഗാവാട്ട്-മണിക്കൂര്‍ അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ ബാറ്ററി സംഭരണ ശേഷി സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കിയാല്‍ നിര്‍മ്മാതാക്കള്‍ക്ക് 18,100 കോടി രൂപയുടെ സബ്സിഡികള്‍ ലഭിക്കുമായിരുന്നു.
ഓല യൂണിറ്റ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ് പരീക്ഷണ ഉല്‍പാദനം ആരംഭിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ലിഥിയം-അയണ്‍ സെല്ലുകളുടെ വാണിജ്യ ഉത്പാദനം ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്ന് ഓല ഇലക്ട്രിക്കല്‍ വ്യക്തമാക്കി.
സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം,ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്‍റുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മൂലധന നിക്ഷേപം വളരെ ഉയര്‍ന്നതാണ് എന്നതാണ് കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നത്.
കൂടാതെ, ആഗോള ലിഥിയം-അയണ്‍ ഫോസ്ഫേറ്റ് അല്ലെങ്കില്‍ എല്‍എഫ്പി, ബാറ്ററി വിലകള്‍ കുറഞ്ഞുവരികയാണ്. ഇത് സെല്ലുകളുടെ ഇറക്കുമതി മുമ്പത്തേക്കാള്‍ ചെലവ് കുറഞ്ഞതാക്കിയിട്ടുണ്ട്.