
തിരുവനന്തപുരം: കേരളത്തിന്റെ ഊർജമേഖലയിൽ വിപ്ലവകരമായ മാറ്റം വരുന്നു. പുനരുപയോഗ ഊർജത്തിന്റെ സംഭരണത്തിലും വിതരണത്തിലും സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കെഎസ്ഇബി നടപ്പാക്കുന്ന അഞ്ച് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) ഒക്ടോബറിൽ പൂർത്തിയാകും.
സംസ്ഥാനത്ത്, പുരപ്പുറ സൗരോർജനിലയങ്ങളിൽനിന്ന് ഉൾപ്പെടെ കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരം ലഭ്യമാക്കാനുള്ള സംവിധാനമാണ് ബെസ്.
വൈകിട്ട് ആറുമുതൽ രാത്രി 10 വരെയുള്ള പീക്ക് സമയങ്ങളിൽ സംഭരിച്ച ഊർജം കെഎസ്‌ഇബിയുടെ പ്രസരണ ലൈനിലേക്ക് തിരികെ നൽകാനാകും. ഇതിലൂടെ രാത്രിയാവശ്യങ്ങൾക്ക് ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാനാകും.
വൈദ്യുതിവിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിലൂടെ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, ഹരിത ഊർജത്തിലേക്ക് മാറാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ചുവടുവയ്‌പാണിത്.
കാസർകോട് മൈലാട്ടിയിൽ 125 മെഗാവാട്ട് ശേഷിയുള്ള ബെസിന്റെ പ്രവർത്തനം ആരംഭിച്ചു.നാലുമണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യപദ്ധതിയാണിത്.
കെഎസ്ഇബി-ക്കോ സംസ്ഥാനത്തിനോ മുതൽ മുടക്കില്ലാതെ, പദ്ധതി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കിയതിനുശേഷം മാസംതോറും കപ്പാസിറ്റി സ്റ്റോറേജ് ചാർജ് 12 വര്‍ഷംകൊണ്ട് ഡെവലപ്പർക്ക് നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ശ്രീകണ്‌ഠാപുരം 40 മെഗാവാട്ട്, പോത്തൻകോട് 40 മെഗാവാട്ട്, അരീക്കോട് 30 മെഗാവാട്ട്, മുള്ളേരിയ 15 മെഗാവാട്ട് ബെസിന്റെയും നിർമാണം ഇൗ വർഷം ഒക്‌ടോബറിൽ പൂർത്തിയാകും. ബ്രഹ്മപുരത്ത് 2027 സെപ്‌തംബറോടെ 250/500 മെഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പ്രവർത്തനം ആരംഭിക്കും.






