മുംബൈ: ഗ്രൂപ്പിനുള്ളിൽ കമ്പനികൾ കൈമാറി മുകേഷ് അംബാനി. പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമാണ് ഇടപാടെന്നു കരുതപ്പെടുന്നു. 18,93,000 കോടി രൂപയിലധികം വിപണി മൂലധനമുള്ള രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനങ്ങൾ വഴി മുകേഷ് അംബാനി വിപുലമായ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നു.
റിലയൻസ് കെമിക്കൽസ് ആൻഡ് മെറ്റീരിയൽസ് ലിമിറ്റഡിനെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തിരിക്കുന്നത്. ഏകദേശം 314.48 കോടി രൂപയുടേതാണ് ഇടപാട്.
പെട്രോകെമിക്കൽസ്, വിനൈൽസ്, ഹൈഡ്രജനും അതിന്റെ ഡെറിവേറ്റീവുകളും, അപൂർവ – വ്യാവസായിക വാതകങ്ങൾ, ബയോ എനർജി ഉൽപന്നങ്ങൾ, കാർബൺ ഫൈബർ എന്നിവയുടെ നിർമ്മാണ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് റിലയൻസ് കെമിക്കൽസ് ആൻഡ് മെറ്റീരിയൽസ് ലിമിറ്റഡ്. 2022 നവംബറിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.
റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസിൽ (Reliance Projects & Property Management Services (RPPMSL)) നിന്നാണു റിലയൻസ് കെമിക്കൽസ് ആൻഡ് മെറ്റീരിയൽസിനെ റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കിയത്. കമ്പനിയുടെ 100 ശതമാനം ഓഹരികളും കൈമ്മാറ്റപ്പെട്ടു.
ആർസിഎംഎല്ലിനെ റിലയൻസ് ഇൻഡസ്ട്രീസിന്റെ നേരിട്ടുള്ള പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാക്കുകയെന്ന ലക്ഷ്യമാണ് ഇടപാടിനുള്ളത്.
ആർപിപിഎംഎസ്എല്ലിൽ നിന്ന് ആർസിഎംഎല്ലിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികൾ 314.48 കോടി രൂപയ്ക്ക് ഏറ്റെടുത്ത വിവരം കമ്പനി തന്നെയാണ് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കിയത്.