ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ലോക വിപണികളിൽ മാന്ദ്യസൂചന‌

യറ്റുമതിയിലും വ്യവസായ വളർച്ചയിലും കുത്തനെ ഇടിവ്, ചില്ലറ, മൊത്ത വ്യാപാരമേഖലകളിൽ വിലക്കയറ്റം, വർധിക്കുന്ന പലിശ നിരക്ക്, ഡോളറിനെതിരെ കറൻസിയുടെ മൂല്യത്തകർച്ച, കുത്തനെ കയറുന്ന എണ്ണ–പ്രകൃതിവാതക വില…! സാമ്പത്തിക ദുർനിമിത്തങ്ങൾ ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ ഗ്രസിക്കുകയാണ്. ആഗോള മാന്ദ്യത്തിന്റെ അതിശൈത്യത്തിലേക്കാണീ പ്രയാണം.

കോവിഡ് ദുരിതകാലം കഴിഞ്ഞ് വിപണികൾ ഉണർന്നു തുടങ്ങിയപ്പോഴാണ് അശനിപാതം പോലെ യുക്രെയ്ൻ യുദ്ധം പൊട്ടിവീണത്. എണ്ണവിലയും പ്രകൃതിവാതക വിലയും കുത്തനെ കയറി. സർവ സാധനങ്ങൾക്കും വിലക്കയറ്റമായിരുന്നു ലോകവിപണികളിലാകെ.

തണുപ്പിൽ നിന്നു രക്ഷ നേടാൻ ഊർജ ഉപഭോഗം ഏറ്റവും കൂടുതലാവുന്ന ശിശിരകാലമാണ് യൂറോപ്പിനെ തുറിച്ചു നോക്കുന്നത്. പ്രകൃതിവാതക വില കുതിക്കുമ്പോൾ സർവ ബജറ്റുകളുടേയും താളം തെറ്റും. ഉപഭോക്തൃ ഉൽപന്നങ്ങൾ ആർക്കും വാങ്ങാൻ കഴിയാതാകും. ഇതാണ് ആഗോള സാമ്പത്തിക മാന്ദ്യമായി പരിണമിക്കുന്നത്.

ലോകം മാന്ദ്യത്തിലാവുമ്പോൾ ഇന്ത്യയ്ക്ക് മാറിനിൽക്കാനാകുമോ? ചില കണക്കുകൾ നോക്കുക– മൊത്തവില സൂചിക 14 ശതമാനത്തിലെത്തി, യുക്രെയ്ൻ യുദ്ധം തുടങ്ങുമ്പോൾ ഡോളറിന് 74 രൂപ, ഇന്ന് 82 രൂപയിലേറെ, വ്യവസായ വളർച്ചാ നിരക്ക് 20 ശതമാനത്തിൽ നിന്ന് ജൂണിൽ 12 ശതമാനത്തിലേക്കു താഴ്ന്നു, യുക്രെയ്ൻ യുദ്ധം തുടങ്ങുമ്പോൾ ബാരലിന് 96 ഡോളറുണ്ടായിരുന്ന എണ്ണവില 123 ഡോളറിലേക്കു കയറുന്നതാണു പിന്നെ കണ്ടത്, മാന്ദ്യത്തിൽ ഉപഭോഗം കുറഞ്ഞിട്ടും എണ്ണവില ഇപ്പോഴും 92 ഡോളറിലാണ്.

വരട്ടെ, എന്തു സംഭവിക്കുന്നെന്നു നോക്കട്ടെ എന്ന മനോഭാവം വ്യാപകമായപ്പോൾ വ്യവസായ നിക്ഷേപവും കുറഞ്ഞു. പാശ്ചാത്യ വിപണികളിൽ കയറ്റുമതി ചരക്കിന് ആവശ്യം കുറയുകയാണ്. രൂപയുടെ വിലയിടിവു മൂലം കയറ്റുമതിക്കാർക്ക് ലാഭമെന്നു തോന്നാമെങ്കിലും ഉൽപന്നങ്ങൾ നിർമിക്കാൻ വേണ്ട അസംസ്കൃത വസ്തുക്കളുടെ (ഇൻപുട്ട്) ചെലവിലും വൻ വർധനയാണുള്ളത്.

മറ്റെല്ലാ രാജ്യങ്ങളെക്കാളും വളർച്ചനിരക്ക് കണ്ടതിനാൽ ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പ്രശസ്തി ഇന്ത്യയ്ക്കു ലഭിച്ചിരുന്നു. ഇപ്പോഴാകട്ടെ പഴയ പ്രവചനങ്ങൾ തിരുത്തി ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇന്ത്യയുടെ ഇക്കൊല്ലത്തെ വളർച്ചനിരക്ക് കുറയ്ക്കുകയാണ്.

കഴിഞ്ഞ ജൂണിൽ 7.5% പ്രവചിച്ചിരുന്നതിൽനിന്ന് മൂന്നു മാസം കൊണ്ട് 6.5 ശതമാനത്തിലേക്കു താഴ്ത്തി. സാമ്പത്തിക വർഷം തുടക്കത്തിൽ 8.7% വരെ പ്രവചിച്ചിരുന്നതിൽനിന്നാണ് പടിപടിയായി താഴ്ത്തിയത്. റിസർവ് ബാങ്ക് പോലും ഇപ്പോൾ 7% വളർച്ച മാത്രമേ കാണുന്നുള്ളൂ.

ആഗോള സമ്പദ് വ്യവസ്ഥയുടെ ഇലപൊഴിയലുകൾ മാത്രമാണ് ഈ കാണുന്നതെന്നും ഇനി വരാൻ പോകുന്നത് ഇതിലും രൂക്ഷമായ ശൈത്യകാലമാണെന്നും വിലയിരുത്തപ്പെടുന്നു. എരിതീയിൽ യുക്രെയ്ൻ യുദ്ധം എണ്ണ കോരിയൊഴിക്കും. എല്ലാ ബിസിനസ് സ്ഥാപനങ്ങളും നീണ്ട ശൈത്യം നേരിടാനുള്ള കരുതിവയ്ക്കലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഇന്ത്യ, ജപ്പാൻ, ഇന്തോനീഷ്യ, വിയറ്റ്നാം സൗദി, പോർച്ചുഗൽ, ഗ്രീസ് എന്നീ 7 രാഷ്ട്രങ്ങൾക്കു മാന്ദ്യം നേരിടാനുള്ള കരുത്ത് കൂടുതലുണ്ടെന്ന് ആഗോള നിക്ഷേപകനും എഴുത്തുകാരനുമായ രുചിർ ശർമ പറയുന്നു. ‘താരതമ്യേന ഉയർന്ന വളർച്ചനിരക്കും ചെറിയ വിലക്കയറ്റവും ഓഹരി വിപണിയിലെ ലാഭവും നല്ല ലക്ഷണങ്ങളാണ്. പക്ഷേ നയംമാറ്റമോ അലസതയോ വന്നാൽ അവയും വീഴാം. വേണം ജാഗ്രത.’

X
Top