
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിസംബറിലെ പണനയ യോഗത്തില്‍ പ്രധാന പലിശ നിരക്ക് കുറച്ചേയ്ക്കും, ഫിച്ച് സോല്യൂഷന്‍സ് ഗവേഷണ സ്ഥാപനം, ബിഎംഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 25 ബേസിസ് പോയിന്റ് കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് റിപ്പോ നിരക്ക് നിലവിലെ 5.50 ശതമാനത്തില്‍ നിന്നും 5.25 ശതമാനമായി കുറയും.
ജൂണില്‍ 50 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കലിന് കേന്ദ്രബാങ്ക് തയ്യാറായിരുന്നു. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതായിരുന്നു അത്. പണപ്പെരുപ്പം കുറയുമ്പോഴും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായ സന്ദര്‍ഭത്തിലാണിത്.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് 3.0 ശതമാനമാകുമെന്ന് ബിഎംഐ പ്രതീക്ഷിക്കുന്നു. ഇത് ആര്‍ബിഐയുടെ സ്വന്തം പ്രവചനമായ 3.7 ശതമാനത്തിനും താഴെയാണ്. കൂടാതെ അതിന്റെ മധ്യകാല ലക്ഷ്യമായ 4.0 ശതമാനത്തിനും താഴെ. ഈ കാലയളവിലെ ജിഡിപി പ്രവചനം 6 ശതമാനം. ആര്‍ബിഐ അനുമാനമായ 6.5 ശതമാനത്തെ അപേക്ഷിച്ച് വളരെക്കുറവ്.
ആര്‍ബിഐ വീണ്ടും റിപ്പോ നിരക്ക് കുറച്ചാലും, ഇന്ത്യയുടെ യഥാര്‍ത്ഥ നയ നിരക്ക് ഏകദേശം 2.5 ശതമാനത്തില്‍ ഉയര്‍ന്ന നിലയില്‍ തുടരം, ബിഎംഐ വ്യക്തമാക്കി. നാമമാത്ര പലിശ നിരക്കും (റിപ്പോ നിരക്ക് പോലുള്ളവ) പണപ്പെരുപ്പ നിരക്കും തമ്മിലുള്ള വ്യത്യാസമാണ് യഥാര്‍ത്ഥ നയ നിരക്ക്.
ഉയര്‍ന്ന യഥാര്‍ത്ഥ നിരക്ക് കടം വാങ്ങലിനെയും നിക്ഷേപത്തെയും നിരുത്സാഹപ്പെടുത്തുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ മന്ദഗതിയിലാക്കും.
പ്രവചനത്തിനനുസൃതമായി ആര്‍ബിഐ ഡിസംബറില്‍ നിരക്ക് കുറയ്ക്കുന്ന പക്ഷം ഈ വര്‍ഷത്തെ മൊത്തം ‘റേറ്റ് കട്ട്’ 125 ബേസിസ് പോയിന്റാകും.