
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകളുടെ (സിസി) മേല്‍നോട്ട അധികാരം യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിയ്ക്ക്(എസ്മ) നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നേതൃത്വത്തിലുള്ള ധനകാര്യ മേഖല റെഗുലേറ്റര്‍മാര്‍ വിസമ്മതിച്ചു. അതേസമയം യൂറോപ്യന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച സമയപരിധി ഏപ്രില്‍ 30 ന് അവസാനിച്ചു.
‘വിദേശ റെഗുലേറ്ററിന് കീഴടങ്ങുന്ന പ്രശ്‌നം ഉയര്‍ന്നുവരുന്നില്ല,’ ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയരൂപീകരണ വിദഗ്ധന്‍ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (സിസിഐഎല്‍) ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐസിസിഎല്‍) യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ ഉപരോധം നേരിടാനൊരുങ്ങി. പരിശോധന അനുവദിച്ചില്ലെങ്കില്‍ 2023 ഏപ്രില്‍ 30 ന് ഉപരോധം നിലവില്‍ വരും എന്നാണ് എസ്മ അറിയിച്ചിരുന്നത്.
സിസിഐഎല്‍,ഐസിസിഎല്‍,എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡ്, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ക്ലിയറിംഗ് ലിമിറ്റഡ് (MCXCCL), ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ (IFSC) ഐഐസിസി, എന്‍എസിഇ ഐഎഫ്എസ് സി ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NICCL) എന്നിവയാണ് എസ്മയുടെ അന്ത്യശാസനം നേരിടുന്നത്. ഇതില്‍ എന്‍എസ് സിസിഎല്‍, എംസിഎക്‌സ് സിസിഎല്‍ മേല്‍നോട്ടം സെബിയും ഐഐസിസി, എന്‍ഐസിസിഎല്‍ എന്നിവ ഐഫ്എസ് സിഎയും നടത്തുന്നു.
മേല്‍പറഞ്ഞ സിസിപികളില്‍ പരിശോധനവേണമെന്നാണ് എസ്മയുടെ ആവശ്യം. എന്നാല്‍ ആഭ്യന്തര മേല്‍നോട്ട സംവിധാനം ശക്തമാണെന്നും ഒരു വിദേശ റെഗുലേറ്റര്‍ അവ പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ പറയുന്നത്.
2017 ലാണ് പ്രാദേശിക റെഗുലേറ്റര്‍മാര്‍ എസ്മയുമായി കരാറിലേര്‍പ്പെടുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ പുതുക്കാന്‍ എസ്മ ആഗ്രഹിക്കുന്നു.
ഇത് പ്രകാരം ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ പരിശോധിക്കാന്‍ അധികാരം ലഭ്യമാകണം.
വിദേശ റെഗുലേറ്റര്‍മാരുടെ വിലക്ക് നിലനില്‍ക്കുന്ന പക്ഷം, ഇന്ത്യയിലെ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഫോര്‍വേഡുകള്‍ (13 മാസം വരെ കാലാവധിയുള്ളത്) നടത്താന്‍ കഴിയില്ല.കൂടാതെ, മള്‍ട്ടിനാഷണല്‍ ബാങ്കുകളുടെ കസ്റ്റഡി ബിസിനസിനെ ഇത് ബാധിക്കുകയും ചെയ്യും.