
ന്യൂഡല്‍ഹി: ഫിന്‍ടെക് കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വായ്പ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കളെ അറിയല്‍ (കെവൈസി) മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കാനാണ് ആലോചിക്കുന്നതെന്ന് ആര്‍ബിഐ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്യായമായ പലിശ ഈടാക്കല്‍, കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
ഡാറ്റ പങ്കുവയ്ക്കല്‍, ഔട്ട്‌സോഴ്‌സിംഗ് ബന്ധങ്ങളുടെ പരിധി, സ്വകാര്യത, എഎംഎല്‍ നിയമങ്ങള്‍, ബൈനൗ പേ ലേറ്റര്‍ ഉത്പന്നങ്ങളുടെ നിയമസാധുത തുടങ്ങിയ കാര്യങ്ങളെ സംബന്ധിക്കുന്ന നിയമഭേദഗതികളും പരിഗണനയിലുണ്ട്. ആഗോള ഫിന്‍ടെക് വിപണി 111 ബില്ല്യണ്‍ ഡോളറിന്റേതാണെന്നും 2030ഓടെ അത് 698 ബില്ല്യണ്‍ ഡോളറാകുമെന്നും ആര്‍ബിഐ പുറത്തിറക്കിയ സാമ്പത്തിക സുസ്ഥിരത റിപ്പോര്‍ട്ട് പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ ഫിന്‍ടെക് വ്യവസായം നിലവില്‍ 50-60 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ്. 2025 ല്‍ 150 ബില്ല്യണ്‍ ഡോളറായി അത് വര്‍ധിക്കും. ഫിന്‍ടെക്കുകളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യ 13ാം സ്ഥാനത്താണുള്ളത്.
278 ഡീലുകളിലായി വ്യവസായം ഇതിനോടകം 8.53 ബില്ല്യണ്‍ ഫണ്ടിംഗ് നേടിയിട്ടുണ്ട്. അതേസമയം ഫിന്‍ടെക്കിന്റെ ആവിര്‍ഭാവം ബാങ്കിംഗ് സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടുന്നതാണെന്ന് ആര്‍ബിഐ പറഞ്ഞു. ഡാറ്റ സ്വകാര്യത, സൈബര്‍ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, മത്സരം, എഎംഎല്‍ നയങ്ങള്‍ പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പൊതു നയങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ അത് വളര്‍ന്നിരിക്കുന്നു.
ടെക്‌നോളജി ഭീമന്‍മാരായ ഗൂഗിള്‍,ഫെയ്‌സ്ബുക്ക്,ആപ്പിള്‍ തുടങ്ങിയവയുടെ സാമ്പത്തികമേഖലയിലെ സ്വാധീനം മേഖലയുടെ മത്സരക്ഷമതയില്ലാതാക്കുമെന്നും അത് സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി.