അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ബൈജൂസിനെ ഏറ്റെടുക്കാൻ രഞ്ജൻ പൈയുടെ എംഇഎംജി

ബെംഗളൂരു: കടബാധ്യതകളെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന എജ്യുക്കേഷൻ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ മാതൃകമ്പനിയെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച് മണിപ്പാൽ എജ്യൂക്കേഷൻ ആൻഡ് മെഡിക്കൽ‌ ഗ്രൂപ്പ് (എംഇഎംജി).

ഡോ. രഞ്ജൻ പൈ നയിക്കുന്ന എംഇഎംജി നേരത്തേ ബൈജൂസിന് കീഴിലെ ആകാശ് എജ്യുക്കേഷണൽ സർവീസസിന്റെ 58% ഓഹരികൾ ഏറ്റെടുത്തിരുന്നു. നിലവിൽ തിങ്ക് ആൻഡ് ലേണിന്റെ കൈവശമുള്ള ആകാശിന്റെ 25% ഓഹരികൾ കൂടി സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ. രഞ്ജൻ പൈയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസ് നേരത്തേ വായ്പാത്തിരിച്ചടവ് മുടങ്ങി കടുത്ത പ്രതിസന്ധിയിലേക്ക് വീണ പശ്ചാത്തലത്തിലായിരുന്നു ആകാശിന്റെ നിശ്ചിത ഓഹരികൾ ഏറ്റെടുത്ത് ‘രക്ഷക പരിവേഷവുമായി’ ഡോ. രഞ്ജൻ പൈയുടെ രംഗപ്രവേശം. എന്നാൽ, വായ്പകൾ തിരിച്ചടയ്ക്കാനാവാതെ ബൈജൂസ് പിന്നീട് പാപ്പരത്ത നടപടിയിലേക്ക് വീഴുകയായിരുന്നു.

തിങ്ക് ആൻഡ് ലേണിന്റെ ഓഹരികൾ വിറ്റഴിച്ച് വായ്പാത്തുക വീണ്ടെടുക്കാൻ നിയോഗിക്കപ്പെട്ട റസൊല്യൂഷൻ പ്രഫഷണൽ ശൈലേന്ദ്ര അജ്മേറ, ഓഹരികൾ ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക് താൽപര്യപത്രം (ഇഒഐ) സമർപ്പിക്കാൻ അനുവദിച്ച സമയം നവംബർ 13 വരെയാണ്. ഇതിനകം മണിപ്പാൽ എജ്യുക്കേഷൻ മാത്രമേ താൽപര്യപത്രം സമർപ്പിച്ചിട്ടുള്ളൂ എന്നാണ് സൂചനകൾ.

2021ലാണ് ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിനെ ബൈജൂസ് 95 കോടി ഡോളറിന് (ഏകദേശം 8,000 കോടി രൂപ) ഏറ്റെടുത്തത്. കോവിഡനന്തരം ബൈജൂസിന്റെ ബിസിനസുകൾ പ്രതിസന്ധിയിലായി. പിന്നീട് 2023ൽ ബൈജൂസ് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഡേവിഡ്സൺ കെംപ്നറിൽ നിന്ന് കടപ്പത്രങ്ങൾ നൽകി 2,000 കോടി രൂപ വായ്പ എടുത്തു. ആ വർഷം നവംബറിലാണ് ഡോ. രഞ്ജൻ പൈ ആകാശിൽ 1,400 കോടി രൂപ നിക്ഷേപിക്കുന്നത്. കെംപ്നറിൽ നിന്ന് ബൈജൂസിന്റെ കടപ്പത്രങ്ങൾ വാങ്ങിയായിരുന്നു ഇത്.

തുടക്കത്തിൽ ആകാശിന്റെ 40% ഓഹരികളായിരുന്നു ഡോ.രഞ്ജൻ പൈക്ക് ലഭിച്ചത്. പിന്നീട് ബ്ലാക്ക്സ്റ്റോൺ, ആകാശിന്റെ സ്ഥാപകൻ ജെ.സി. ചൗധരി എന്നിവരിൽനിന്ന് 11.12% ഓഹരികൾ കൂടി സ്വന്തമാക്കി.

നിലവിൽ റസൊല്യൂഷൻ പ്രഫഷണൽ മുഖേനയുള്ള ഓഹരി വിൽപനയിൽ തിങ്ക് ആൻഡ് ലേണിന്റെ മുഴുവൻ ഓഹരികൾക്കോ ആകാശ്, മറ്റ് ഉപസ്ഥാപനങ്ങളായ ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂനിയർ‌, ടോപ്പർ തുടങ്ങിയവയ്ക്കായോ അപേക്ഷിക്കാം. ഇതിൽ ആകാശിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ.രഞ്ജൻ പൈയുടെ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ.

X
Top