രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

ഇനി ജുൻജുൻവാല ഇല്ലാത്ത ഓഹരിലോകം

കൊച്ചി: കടംവാങ്ങിയ 5,000 രൂപയുമായെത്തി ഇന്ത്യൻ ഓഹരിലോകം കീഴടക്കിയ ചരിത്രവുമായാണ് രാകേഷ് ജുൻജുൻവാലയുടെ മടക്കം. ‘രാകേഷ് ഭയ്യയെ പോലെയൊരാൾ ഇനിയൊരിക്കലും ഉണ്ടാവില്ല”” എന്നാണ് പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സെറോദയുടെ സഹ-സ്ഥാപകൻ നിഖിൽ കാമത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തത്. നിഖിലിന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ് ജുൻജുൻവാലയുടെ ജീവിതം.

രാകേഷ് മുംബയിലെ സൈഡനം കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം. യാദൃച്ഛികമായി വീട്ടിൽവച്ച് അച്‌ഛനും സുഹൃത്തും ഓഹരിവിപണിയെ കുറിച്ച് സംസാരിക്കുന്നത് അദ്ദേഹം കേട്ടു. സംഭാഷണം മനസിൽതട്ടിയ രാകേഷിന് ഓഹരി നിക്ഷേപകനാവണമെന്ന മോഹം തികട്ടി.
18 ശതമാനം പലിശയ്ക്ക് സുഹൃത്തിൽ നിന്ന് കടംവാങ്ങിയ 5,000 രൂപയുമായി ആദ്യനിക്ഷേപം. പിന്നെ രാജ്യം കണ്ടത് ഓഹരിയിലെ ‘ബിഗ് ബുൾ” ആയി രാകേഷ് ജുൻജുൻവാല വളരുന്ന കാഴ്ച.

5,000 രൂപയ്ക്കുവാങ്ങിയ ആ ടൈറ്റൻ ഓഹരികളുടെ മൂല്യം ഇപ്പോൾ 11,000 കോടി രൂപ മതിക്കും.
1985ൽ വെറും 150 പോയിന്റ് നിലവാരത്തിലായിരുന്ന സെൻസെക്‌സ് പിന്നീട് 62,000 പോയിന്റുകൾ താണ്ടി. രാകേഷിന്റെ നിക്ഷേപങ്ങൾ 31,000 കോടി രൂപ കടന്നു; മൊത്തം ആസ്‌തി 46,000 കോടിയും.

രാകേഷ് ചാർട്ടേഡ് അക്കൗണ്ടന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റ് ട്രെയിനിയായിരിക്കേ ആദ്യ വേതനം 60 രൂപയായിരുന്നു. കിഴിക്കലുകൾ കഴിഞ്ഞ് കൈയിൽ കിട്ടിയിരുന്നത് 45 രൂപയും.

നിലവിലെ കണക്കുപ്രകാരം 32 കമ്പനികളിലാണ് രാകേഷിനും കമ്പനിക്കും നിക്ഷേപമുള്ളത്; ഇത് ഏകദേശം 31,904.8 കോടി രൂപ വരും. മൊത്തം നിക്ഷേപത്തിൽ 11,086.9 കോടി രൂപയും ടൈറ്റൻ കമ്പനിയിൽ. ഫെഡറൽ ബാങ്കിൽ 3.6 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്; ഇത് ഏകദേശം 840 കോടി രൂപ വരും.

സ്‌റ്റാർഹെൽത്ത് ഇൻഷ്വറൻസിൽ 7,017.5 കോടി രൂപയും മെട്രോ ബ്രാൻഡ്‌സിൽ 3,348.8 കോടി രൂപയും നിക്ഷേപമുണ്ട്. സ്‌റ്റാർഹെൽത്ത്, ആപ്‌ടെക് തുടങ്ങി നിരവധി കമ്പനികളുടെ പ്രമോട്ടർമാരാണ് രാകേഷും ഭാര്യ രേഖയും.

രാജസ്ഥാനിലെ ജുൻജുൻ ആണ് രാകേഷിന്റെ കുടുംബത്തിന്റെ സ്വദേശം. പേരിൽ ജുൻജുൻവാല വരാനും കാരണം ഇതാണ്. തന്റെയും ഭാര്യയുടെയും പേരിലെ ആദ്യക്ഷരങ്ങൾ ചേർത്താണ് അദ്ദേഹം റെയർ എന്റർപ്രൈസസിന് തുടക്കമിട്ടത്. ടൈറ്റൻ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങി ടാറ്റാ ഓഹരികളിൽ അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നു.

ക്രിസിൽ, കനറാ ബാങ്ക്, ഓറോബിന്ദോ ഫാർമ, ജിയോജിത് ഫിനാൻഷ്യൽ സർവീസ് തുടങ്ങിയ പ്രമുഖ കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തി. ജിയോജിത് അടക്കം നിരവധി കമ്പനികളുടെ ഡയറക്‌ടറുമായിരുന്നു.

രാകേഷിനൊപ്പം സെൻസെക്‌സും വളരുകയായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുകുലുക്കി ഓഹരിവിപണിയിൽ ഹർഷദ് മേത്ത കുംഭകോണമുണ്ടായെങ്കിലും രാകേഷ് കുലുങ്ങിയില്ല. ബുദ്ധിപൂർവം നിക്ഷേപിച്ച് രാകേഷ് വിജയം കൊയ്‌തു.

സിനിമാ നിർമ്മാണരംഗത്തും കൈമുദ്രപതിപ്പിച്ച അദ്ദേഹം ഹംഗാമ മീഡിയയുടെ ചെയർമാനായിരുന്നു. ‘ഇംഗ്ളീഷ് വിംഗ്ലീഷ്” അടക്കം ഏതാനും സിനിമകളും നിർമ്മിച്ചു.

ജെറ്റ് എയർവേസിന്റെ മുൻ സി.ഇ.ഒ വിനയ് ദൂബേ, ഇൻഡിഗോ മുൻ മേധാവി ആദിത്യ ഘോഷ് എന്നിവരുമായി ചേർന്ന് രാകേഷ് ജുൻജുൻവാല തുടക്കമിട്ടതാണ് ഈമാസം ഏഴിന് പ്രവർത്തനം ആരംഭിച്ച ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ആകാശ എയർ. മുംബയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്. ആകാശ എയറിന്റെ ലോഞ്ചിംഗ് ചടങ്ങാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ട പൊതുവേദി.

കൊച്ചി-ബംഗളൂരു സർവീസും കഴിഞ്ഞവാരം ആരംഭിച്ചു. തന്റെ സ്വപ്‌നപദ്ധതിയായ ആകാശ എയറിന്റെ വിജയക്കുതിപ്പ് കാണാനാവാതെയാണ് ജുൻജുൻവാലയുടെ മടക്കം.

X
Top