
ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കൽവകയിൽ ആറുവർഷത്തിനിടെ റെയിൽവേക്ക് ലഭിച്ചത് 8700 കോടി രൂപയെന്ന് മന്ത്രാലയം. ഏറ്റവും അധികം തുക ലഭിച്ചത് 2018-19 വർഷത്തിലാണ്. 2065 കോടിരൂപ. കുറവ് 2020-21 കോവിഡ് കാലത്താണ്, 710.54 കോടിരൂപ.
2019-20-ൽ 1724.44 കോടിയും 2021-22-ൽ 1569.08 കോടിയും 2022-23-ൽ 2109.74 കോടിരൂപയും ഇങ്ങനെ മന്ത്രാലയത്തിന് ലഭിച്ചു. ഈവർഷം ജൂൺവരെ 534.87 കോടിരൂപയാണ് ലഭിച്ചത്.
ഉറപ്പായത് (കൺഫേംഡ്), ആർ.എ.സി., വെയിറ്റിങ് എന്നീ ഗണത്തിൽപ്പെട്ട ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ നിശ്ചിതതുക സർവീസ് ചാർജ് ഇനത്തിൽ റെയിൽവേ ഈടാക്കാറുണ്ട്.
തീവണ്ടി പുറപ്പെടുന്നസമയം, ടിക്കറ്റ് റദ്ദാക്കുന്നസമയം, ടിക്കറ്റിന്റെ സ്വഭാവം (എ.സി./എ.സി. ചെയർ കാർ, സെക്കൻഡ് ക്ലാസ്) എന്നിവ അനുസരിച്ച് തുകയിൽ മാറ്റങ്ങളുണ്ടാകും.
ഉറപ്പായ ടിക്കറ്റ് തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂർമുമ്പ് റദ്ദാക്കിയാൽ ടിക്കറ്റിന്റെ സ്വഭാവം അനുസരിച്ച് 60 മുതൽ 240 രൂപവരെ ഈടാക്കിയശേഷം ബാക്കിതുക യാത്രക്കാരന് തിരികെ ലഭിക്കും.
12 മണിക്കൂറിന് മുമ്പാണെങ്കിൽ ടിക്കറ്റ് വിലയുടെ 25 ശതമാനം തുക ടിക്കറ്റെടുത്തയാൾക്ക് നഷ്ടമാകും. നാലുമണിക്കൂറിന് മുമ്പാണെങ്കിൽ 50 ശതമാനം തുക ഈടാക്കും. നാലുമണിക്കൂറിൽ താഴെയാണെങ്കിൽ തുക പൂർണമായും നഷ്ടമാകും.
സ്ഥിരീകരിച്ച ഇ-ടിക്കറ്റുകൾ തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പ് റദ്ദാക്കാനും റീഫണ്ട് ചെയ്യാനും സാധിക്കും. ആർ.എ.സി. ടിക്കറ്റുകൾ തീവണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കാം.