പാലക്കാട്: വസ്തു ഈടിന്മേൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു. ഈടിന്റെ മൂല്യം നിർണയിക്കുന്നതിൽ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് സഹകരണ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നത്.
ചട്ടങ്ങൾ തയ്യാറാക്കി അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞദിവസം പാലക്കാട്ട് പറഞ്ഞിരുന്നു.
പണയവസ്തുവിന്റെ വില നിശ്ചയിക്കാൻ പ്രത്യേകസമിതി വേണമെന്നതാണ് പുതിയ വ്യവസ്ഥ. 10 ലക്ഷം രൂപയിൽ താഴെയാണ് വായ്പാത്തുകയെങ്കിൽ ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസമിതി വില നിശ്ചയിക്കും.
10 ലക്ഷത്തിലധികമാണ് തുകയെങ്കിൽ രണ്ടുവീതം ബാങ്ക് ഉദ്യോഗസ്ഥരും ഡയറക്ടർമാരും സമിതിയിലുണ്ടാകും. വിരമിച്ച ഡെപ്യൂട്ടി തഹസിൽദാരോ സബ് രജിസ്ട്രാറോ സമിതിയിൽ വേണം.
ഈടുനൽകുന്ന ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ വിരമിച്ച പൊതുമരാമത്ത് അസി. എൻജിനിയറെയും ഉൾപ്പെടുത്തണം. നിശ്ചയിക്കുന്ന വിലയുടെ പകുതിയാണ് വായ്പയായി അനുവദിക്കുക.
ഈടുനൽകുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വില നിർണയിക്കുന്നത് നിലവിൽ ബാങ്ക് ഭരണസമിതി അംഗങ്ങളാണ്. പണയവസ്തുവിന്റെ വില പെരുപ്പിച്ചുകാണിച്ച് ഉയർന്ന തുക ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും അനുവദിച്ച് സംഘത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത് തടയുകയാണ് പുതിയ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നത്.
സംഘങ്ങൾ സ്വന്തമായി ഭൂമിവാങ്ങുന്നതിലും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി. സർക്കാർ നിശ്ചയിച്ച വിലയ്ക്കുമാത്രമേ വാങ്ങാനാവൂ. മൂന്നുകിലോമീറ്റർ ചുറ്റളവിൽ മൂന്നുവർഷത്തിനിടയിൽ നടന്ന ഭൂമിയിടപാടിലെ വില കണക്കാക്കി വാങ്ങാം. അധികവില നൽകിയെന്ന് കണ്ടെത്തിയാൽ നഷ്ടം ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കും.
വായ്പ വൈകുമെന്ന് ആശങ്ക
വിലനിർണയസമിതിയുടെ തീരുമാനമുണ്ടായി വായ്പ നൽകാൻ കാലതാമസമുണ്ടാകുമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി. സാബു പറഞ്ഞു.
ഗുണഭോക്താവിന് അടിയന്തരവായ്പയ്ക്കുള്ള അവസരമില്ലാതാക്കും. നിലവിലെ സംവിധാനം വീഴ്ചയില്ലാതെ കൈകാര്യംചെയ്യുകയാണ് വേണ്ടത്.
നിലവിൽ വായ്പയ്ക്കായി നൽകുന്ന വസ്തുവിന്റെ രജിസ്ട്രേഷൻ ചെലവുമാത്രം വഹിച്ചാൽ മതിയായിരുന്നു. എന്നാൽ, സമിതിയിലെ ഉദ്യോഗസ്ഥരുടെ ചെലവുകൂടി ഇനി ഗുണഭോക്താവ് വഹിക്കേണ്ടിവരുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.
ഭൂമിക്ക് സർക്കാർ വില മാത്രം നിർണയിച്ചാൽ വായ്പാത്തുക കുറയുമെന്നും ആശങ്കയുണ്ട്.