
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവില്‍ രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളുടെ അറ്റാദായം ഇടിഞ്ഞു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക അനിശ്ചിതത്വമാണ് കമ്പനികളുടെ പ്രവർത്തന ലാഭത്തെ പ്രതികൂലമായി ബാധിച്ചത്.
ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തില്‍ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസ്(ടി.സി.എസ്), ഇൻഫോസിസ്, എച്ച്.സി.എല്‍ ടെക്ക് എന്നിവയുടെ അറ്റാദായം മുൻവർഷം ഇതേ കാലയളവിനേക്കാള്‍ കുത്തനെ കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം 13.9 ശതമാനം കുറഞ്ഞ് 1,657 കോടി രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവ് മൂലം കമ്പനിയുടെ വരുമാനം ഉയർന്നുവെങ്കിലും നിർമ്മിത ബുദ്ധിയുടെ വരവോടെ കമ്പനിയില്‍ പുന:സംഘടന നടത്താനായി അധിക തുക ചെലവഴിച്ചതും പുതിയ തൊഴില്‍ കോഡുകളുടെ നിയമപരമായ ബാദ്ധ്യതകള്‍ക്കായുള്ള ഒറ്റത്തവണ ചെലവുകളുമാണ് ടി.സി.എസിന് തിരിച്ചടിയായത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഐ.ടി സേവനങ്ങളുടെ കരാറുകള്‍ 6.9 ശതമാനം കുറഞ്ഞ് 930 കോടി ഡോളറായി.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായം അവലോകന കാലയളവില്‍ 2.2 ശതമാനം കുറഞ്ഞ് 6,654 കോടി രൂപയായി. ഇൻഫോസിസിന്റെ വരുമാനം ഇക്കാലയളവില്‍ 8.9 ശതമാനം വർദ്ധനയോടെ 45,479 കോടി രൂപയിലെത്തി. എച്ച്.സി.എല്‍ ടെക്കിന്റെ അറ്റാദായം ഇക്കാലയളവില്‍ 11 ശതമാനം ഇടിവോടെ 4,076 കോടി രൂപയായി.
ജീവനക്കാരെ കുറയ്ക്കുന്നു
എ.ഐയുടെ സാദ്ധ്യതകള്‍ ഉയർന്നതോടെ ഇന്ത്യൻ ഐ.ടി കമ്പനികളും ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയാണ്. ഒക്ടോബർ മുതല്‍ ഡിസംബർ വരെ കാലയളവില്‍ ടി.സി.എസ് 11,000 ജീവനക്കാരെയാണ് കുറച്ചത്.
മുൻവർഷം ടി.സി.എസ് 12,000 ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എച്ച്.സി.എല്‍ കഴിഞ്ഞ പാദത്തില്‍ 270 ജീവനക്കാരെയാണ് കുറച്ചത്. അതേസമയം ഇൻഫോസിസിന്റെ ജീവനക്കാരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ 5,000 പേരുടെ വർദ്ധനയുണ്ട്.
വെല്ലുവിളികള്‍
- അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക അനിശ്ചിതത്വം
- ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളറിന്റെ ചാഞ്ചാട്ടം
- എ. ഐയുടെ സാദ്ധ്യതകള്‍ ഉയർന്നതോടെ പുതിയ കരാർ കുറയുന്നു
- സാങ്കേതികവിദ്യ നവീകരണത്തിലും ഇന്നവേഷനിലും പിന്നാക്കം പോകുന്നു.






