
ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ക്രിപ്‌റ്റോ കറൻസികളുടെ കാര്യത്തിൽ ആഗോളതലത്തിൽ പരമാവധി യോജിച്ച സമീപനം ആവശ്യമാണ്. എല്ലാവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ആഗോള ചട്ടക്കൂട് തയ്യാറാണം.
എ.ഐയുടെ കാര്യത്തിലും സമാനമായ സമീപനം ആവശ്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധാർമ്മിക ഉപയോഗമാണ് ഉണ്ടാകേണ്ടതെന്ന് സി.ഐ.ഐ സംഘടിപ്പിച്ച ബി20 ഇന്ത്യ 2023ൽ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങൾ ഒരു പോലെ ആയാൽ മാത്രമേ വിപണിയ്‌ക്ക് നിലനിൽക്കാൻ കഴിയുകയുള്ളു. വർഷത്തിലൊരിക്കൽ അന്താരാഷ്ട്ര ഉപഭോക്തൃ സംരക്ഷണ ദിനം (കൺസ്യൂമർ കെയർ ഡേ) ആചരിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വ്യാവസായിക വികസനത്തിൽ ഇന്ത്യ ഡിജിറ്റൽ വിപ്ലവത്തിന്റെ മുഖമായി മാറി. രാജ്യത്തിന് കാര്യക്ഷമവും വിശ്വസനീയവുമായ ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന സ്ഥാനമുണ്ട്. ബിസിനസുകൾ അതിർത്തികൾകടന്ന് മുന്നേറിയിരിക്കുന്നു.
വ്യാപാരത്തെ കൂടുതൽ മെച്ചപ്പെടുത്തേണ്ട സമയമാണിത്. വിതരണ ശൃംഖലയുടെ സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.