
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന സെമി കണ്ടക്‌ടർ വ്യവസായത്തെ കേന്ദ്രീകരിച്ചുള്ള ദേശീയതല സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച ഉദ്ഘാടനം ചെയ്‌തു. സെമികോൺ ഇന്ത്യ 2023 എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ആഗോള തലത്തിൽ ആശ്രയിക്കാവുന്ന ചിപ്പ് വിതരണക്കാരായി ഉയർന്നുവരാനുള്ള ഇന്ത്യയുടെ കഴിവിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമ്മേളനത്തിന്റെ രണ്ടാം പതിപ്പാണ് ഗാന്ധിനഗറിൽ ആരംഭിച്ചത്. വിവിധ സെമി കണ്ടക്‌ടർ നിർമ്മാണ കമ്പനികളിൽ നിന്നും സ്‌റ്റാർട്ടപ്പുകളിൽ നിന്നുമുള്ള പ്രമുഖർ ചടങ്ങിനെത്തി.
അർദ്ധചാലക വ്യവസായത്തിന്റെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകാനുള്ള ഇന്ത്യയുടെ കഴിവിനെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. “അർദ്ധചാലകങ്ങൾ ഒരു ദേശീയ ആവശ്യം മാത്രമല്ല, ലോകത്തിന്റെ ആവശ്യകതയാണെന്ന് ഇന്ത്യ മനസ്സിലാക്കുന്നു,” ഒരു വിശ്വസനീയമായ ചിപ്പ് വിതരണ ശക്തിയാകാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ചിപ്പ് നിർമാണ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. “അർദ്ധചാലകങ്ങൾ നമ്മുടെ ആവശ്യം മാത്രമല്ല; ലോകത്തിന് വിശ്വസനീയവും ആശ്രയിക്കാവുന്നതുമായ ഒരു ചിപ്പ് വിതരണ ശൃംഖല ആവശ്യമാണ്” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിനായി, പ്രധാനമന്ത്രി മോദി ഇന്ത്യയുടെ മത്സരാധിഷ്ഠിത കോർപ്പറേറ്റ് നികുതി നിരക്കുകളും, അതിന്റെ കാര്യക്ഷമമായ നികുതി പ്രക്രിയയും എടുത്തുകാണിച്ചു. അർദ്ധചാലക വ്യവസായത്തിന് സർക്കാർ പ്രത്യേക പ്രോത്സാഹനങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, ഒപ്പം നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി.
ഇന്ത്യയുടെ ഡിജിറ്റൽ, ഇലക്‌ട്രോണിക് നിർമ്മാണ മേഖലയുടെ വളർച്ചയെ പ്രധാനമന്ത്രി അഭിനന്ദിച്ചു, ആഗോള ഇലക്ട്രോണിക് നിർമ്മാണ മേഖലയിൽ രാജ്യത്തിന്റെ വിഹിതം 30 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർന്നു.
ഇലക്ട്രോണിക് നിർമ്മാണ കയറ്റുമതിയിലെ ഗണ്യമായ ഉത്തേജനവും രാജ്യത്തുള്ള 200ലധികം മൊബൈൽ നിർമ്മാണ യൂണിറ്റുകളുടെ സാന്നിധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൈക്രോൺ ടെക്‌നോളജി, അപ്ലൈഡ് മെറ്റീരിയൽസ്, ഫോക്‌സ്‌കോൺ, സെമി, കാഡൻസ്, എഎംഡി തുടങ്ങിയ പ്രമുഖ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യവും കോൺഫറൻസിൽ ഉണ്ടായിരുന്നു.
ജൂലൈ 30ന് അവസാനിക്കുന്ന ത്രിദിന സമ്മേളനത്തിൽ, അർദ്ധചാലക ചിപ്പ്, ഡിസ്പ്ലേ ഫാബ്, ചിപ്പ് ഡിസൈൻ, അസംബ്ലിംഗ് എന്നീ മേഖലകളിലെ വിദഗ്‌ധർ, ഇന്ത്യയിലെ ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചുള്ള അറിവും കാഴ്‌ചപ്പാടുകളും പങ്കിടാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഒത്തുചേരും.