ന്യൂഡൽഹി: ഇന്ത്യയിലേക്ക്(India) വരാനും ഉല്‍പ്പാദനം നടത്താനും ഇലോണ്‍ മസ്‌കിന്റെ(Elon Musk) ടെസ്ലയെ(Tesla) സ്വാഗതം ചെയ്ത് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍(Piyush Goyal). മസ്‌ക് ആവശ്യപ്പെട്ട സബ്‌സിഡികളെ കുറിച്ച് ചോദിക്കവേ സര്‍ക്കാര്‍ അവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗോയല്‍ പറഞ്ഞു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് അഭിമാനകരമായ പ്രകടനമാണ് ഇന്ത്യന്‍ കമ്പനികള്‍ കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ, മഹിന്ദ്ര തുടങ്ങിയ കമ്പനികളെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചു.
നിരവധിവിദേശ കമ്പനികളും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വലിയ വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ടെസ്ലയേയും സ്വാഗതം ചെയ്യുന്നതായി പീയുഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് വരാനും ഇവിടെ നിര്‍മാണം നടത്താനും കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ഇലക്ട്രിക് വാഹന നയം ഞങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. രണ്ട് ഓപ്ഷനുകളാണ് കമ്പനികള്‍ക്ക് നല്‍കുന്നത്.
രാജ്യത്തേക്ക് വരികയും ഉല്‍പ്പാദനം നടത്തുകയും ചെയ്യുന്നവര്‍ക്ക് സബ്‌സിഡി നല്‍കുകയാണ് ആദ്യത്തേത്. അല്ലെങ്കില്‍ കുറഞ്ഞ ഇറക്കുമതി തീരുവയില്‍ വാഹനങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യാം.
വിപണി സൃഷ്ടിക്കാനും ചാര്‍ജിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഇതുവഴി സാധിക്കും -ഗോയല്‍ പറഞ്ഞു.