കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന്‍ സുപ്രധാനമായ നയംമാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്.
നിലവിലെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപരമായ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയാണ് സ്വകാര്യവല്‍ക്കരിക്കുന്നത്.
പല രാജ്യങ്ങളും സ്വകാര്യവല്‍ക്കരണത്തിലൂടെ വികസനക്കുതിപ്പിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം ആഗോളതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
നഷ്ടമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രം സ്വകാര്യവല്‍ക്കരിക്കാനായിരുന്നു നേരത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷറീഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) യുമായി ചര്‍ച്ചകള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് എല്ലാ പൊതുമേഖല സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കുന്ന തീരുമാനത്തിലേക്ക് പാക്കിസ്ഥാനെത്തിയത്.
നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയോട് സമാനമായാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും പ്രതികരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ജോലി ബിസിനസ് നടത്തുകയല്ലെന്നും ബിസിനസിനും നിക്ഷേപത്തിനും അനുയോജ്യമായ കാലാവസ്ഥ ഒരുക്കുകയാണെന്നുമാണ് ഷെഹ്ബാസ് പറഞ്ഞത്.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കും.
2007 മുതല്‍ പാക്കിസ്ഥാന്റെ കടം കുമിഞ്ഞുകൂടുകയാണ്. കടം വാങ്ങുന്ന പണം ഉല്‍പ്പാദനക്ഷമതയും നേട്ടവും നല്‍കുന്ന തരത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തതാണ് പാക്കിസ്ഥാന് വിനയായത്.
രാജ്യാന്തര ഏജന്‍സികളില്‍ നിന്നു ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുമാണ് പ്രധാനമായും പാക്കിസ്ഥാന്‍ സഹായം കൈപ്പറ്റിയത്. എന്നാല്‍ പൂര്‍ണമായും ഉപഭോഗ, ഇറക്കുമതി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ കടം പെരുകുകയായിരുന്നു.
പഴയ കടം വീട്ടാന്‍ പുതിയ കടം വാങ്ങുകയെന്ന ശൈലിയിലേക്ക് കാര്യങ്ങളെത്തി. സര്‍ക്കാര്‍ വരുമാനത്തിന്റെ 57 ശതമാനത്തോളം പലിശയടയ്ക്കാനാണ് മാറ്റിവയ്ക്കുന്നത്.
അയല്‍ രാജ്യങ്ങളായ ഇന്ത്യയെയോ ബംഗ്ലാദേശിനെയോ പോലെ വളര്‍ച്ചാ നിരക്കില്‍ സ്ഥിരത കൈവരിക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. മാത്രമല്ല രാഷ്ട്രീയപരമായ അസ്ഥിരതകളും അവര്‍ക്ക് വിനയായി.
കയറ്റുമതി കൂട്ടുകയും നികുതി പിരിവ് കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് പാക്കിസ്ഥാനെ സംബന്ധിച്ച് അനിവാര്യതയായി മാറിയിരിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷം 38 ശതമാനമായിരുന്നു പാക്കിസ്ഥാനിലെ പണപ്പെരുപ്പം. ഇപ്പോഴും അത് 30 ശതമാനത്തോടടുത്താണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം കൂടി കഴിഞ്ഞതോടെ ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും വിലയില്‍ വന്‍വര്‍ധനവാണുണ്ടായത്.
ഐഎംഎഫ് ഉപദേശം കേട്ട് ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചത് വിലക്കയറ്റം അസഹ്യമാക്കി.
രാജ്യാന്തര നാണ്യനിധിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും പാക്കിസ്ഥാന്‍ നടത്തുന്നത്.
ഇതിനായി ഐഎംഎഫ് സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയിട്ട് കാലം കുറേയായി. പുതിയ നയംമാറ്റം പാക്കിസ്ഥാന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയുടെ പാതയിലെത്തിക്കുമോയെന്നത് കണ്ടറിയേണ്ടതുണ്ട്.
നിലവില്‍ ഇന്ത്യയിലെ വന്‍കിട ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ വിപണി മൂല്യത്തിലും താഴെയാണ് പാക്കിസ്ഥാന്റെ ജിഡിപി എന്നാണ് കണക്കുകള്‍. 365 ബില്യണ്‍ ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം, പാക്കിസ്ഥാന്റെ ജിഡിപി ആകട്ടെ 341 ബില്യണ്‍ ഡോളറും.
ഈ സാമ്പത്തിക വര്‍ഷം 1.8 ശതമാനം ജിഡിപി വളര്‍ച്ചാനിരക്കാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.