
തിരുവനന്തപുരം: സംസ്ഥാനത്ത് 2016 നെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽനിന്ന് 4679 ആയി ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണം 2016ൽ 3000 ആയിരുന്നെങ്കിൽ 2023ൽ ഇത് 40,750 ആണ്. ഇൻകുബേറ്റുകളുടെ എണ്ണം 18ൽനിന്ന് ഇക്കാലയളവിൽ 63 ലേക്കാണ് ഉയർന്നത്. അടിസ്ഥാന സൗകര്യം 2016ൽ 5700 ചതുരശ്ര അടിയായിരുന്നു.
2023ൽ ഇത് എട്ടുലക്ഷം ചതുരശ്ര അടിയാണ്. സ്റ്റാർട്ടപ്പുകളുടെ മൂലധന നിക്ഷേപം 207 കോടിയിൽനിന്ന് 5500 കോടിയായാണ് ഉയർന്നത്. ഹാർഡ്വെയർ, റോബോട്ടിക്സ്, മെഡിക്കൽ ഉപകരണ നിർമാണം, ഇലക്ട്രോണിക് വെഹിക്കിൾ, അഗ്രിടെക് തുടങ്ങിയ മേഖലകളിലും സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും.
പ്രമുഖ വിദേശ ഐ.ടി കമ്പനികളെ കേരളത്തിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ചില പ്രമുഖ കമ്പനികൾ കേരളത്തിൽ നിക്ഷേപമിറക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ സംരംഭക പ്രോത്സാഹന പദ്ധതികളിലൂടെ പഠനത്തോടൊപ്പം തൊഴിൽ സ്വന്തമാക്കുകയല്ല, മറിച്ച് വിദ്യാർഥികൾതന്നെ തൊഴിൽ ദാതാക്കളായി മാറുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.