
ലണ്ടൻ: നാലുവർഷത്തിനിടെ വളർച്ചയില്ലാതെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ. കോവിഡ് മഹാമാരിക്കുശേഷം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ കാര്യമായി വളർന്നിട്ടില്ല. മേയ് മാസത്തിൽ ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം ഇടിഞ്ഞു.
ഏപ്രിലിൽ ഈ ഇടിവ് 0.2 ശതമാനമായിരുന്നു. ചാൾസ് രാജാവിന്‍റെ സ്ഥാനാരോഹണത്തെ തുടർന്ന് ഒരു അധിക ബാങ്ക് അവധി വന്നതാണ് ഈ കുറവിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉയർന്ന ജീവിതച്ചെലവും പലിശനിരക്കും രാജ്യത്തെ ജനങ്ങളെയും വ്യവസായങ്ങളെയും വിർപ്പുമുട്ടിക്കുകയാണ്. സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമ്പോൾ ആളുകൾക്കു ജോലി നഷ്ടപ്പെടും. ശമ്പളവർധനയുണ്ടാകില്ല. 8.7 ശതമാനമാണു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്.
ഇതു നിയന്ത്രിക്കുന്നതിനുവേണ്ടി പലിശനിരക്ക് ഉയർത്തിയ ബ്രിട്ടീഷ് കേന്ദ്രബാങ്കിന്‍റെ നടപടികൾ ഇതേവരെ കാര്യമായ ഫലം തന്നിട്ടില്ലെന്നാണു പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
പണപ്പെരുപ്പം ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ചതായി ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു. നിലവിലെ സർക്കാർ നടപടികൾ ഫലം കാണുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ ഊർജ-നിർമാണ മേഖലകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും ഞെരുക്കത്തിലാണ്. പബ്ബിലെയും ബാറുകളിലെയും വിൽപ്പന ഇടിഞ്ഞു. ആരോഗ്യ-ഐടി മേഖലകളിൽ നേരിയ വളർച്ച കാണിക്കുന്നുണ്ട്.
അതേസമയം, ബ്രിട്ടന്‍റെ ജിഡിപി ജൂണിൽ 0.1 ശതമാനം വർധിച്ചതായി കണക്കുകൾ പറയുന്നു.






