
മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 1.25 ശതമാനം അഥവാ 712.46 പോയിന്റ് ഉയര്‍ന്ന് 57,570.25 പോയിന്റിലും നിഫ്റ്റി 228.70 പോയിന്റ് അഥവാ 1.35 ശതമാനം ഉയര്‍ന്ന് 17,158.30 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. മൊത്തം 2037 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1197 ഓഹരികള്‍ തകര്‍ച്ച വരിച്ചു.
140 ഓഹരി വിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്. അതേസമയം ഡോ റെഡ്ഡീസ് ലാബ്‌സ്, കോടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഡിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക് എന്നിവ ദുര്‍ബലമായി. ലോഹ സൂചിക 4 ശതമാനം ഉയര്‍ന്നപ്പോള്‍ ഫാര്‍മ, വാഹനം, ഐടി, ഊര്‍ജ്ജം, എണ്ണവാതകം എന്നിവ 1-2 ശതമാനം ഉയര്‍ച്ച നേടി.
ബിഎസ്ഇ മിഡക്യാപ്പ് സൂചിക 1 ശതമാനവും സ്‌മോള്‍ക്യാപ്പ് സൂചിക 1.38 ശതമാനവും ശക്തിയാര്‍ജ്ജിച്ചു. ഫെഡ് റിസര്‍വ് ചെര്‍മാന്‍ ജെറോമി പവല്‍ മാന്ദ്യഭീതി തള്ളിയതാണ് വിപണികളെ ഉയര്‍ത്തിയത്. രൂപയുടെ ശക്തിയാര്‍ജ്ജിക്കലും നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തി.
യൂറോപ്യന്‍ വിപണികളെല്ലാം നേട്ടത്തിലായപ്പോള്‍ ഏഷ്യന്‍ വിപണികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ജപ്പാനീസ് നിക്കൈ, ചൈനീസ് ബെഞ്ച് മാര്‍ക്ക് എസ് സെഡ് എസ് ഇ കോമ്പണന്റ്, ഷാങ്ഗായി, ചൈന എ50, ഹോങ്കോങിലെ ഹാങ് സെങ്, ഇന്തോനേഷ്യയിലെ ഐഡിഎക്‌സ് കോമ്പസിറ്റ് എന്നിവ വെള്ളിയാഴ്ച ഇടിവ് നേരിട്ടു.