കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

തമിഴ്‌നാട്ടിൽ പുതിയ ഫാക്ടറി: ഇന്ത്യയിലെ ആപ്പിള്‍ എയര്‍പോഡുകളുടെ ഉൽപാദനം വര്‍ധിക്കും

ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉൽപാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍.

എയര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും അയക്കും. അതിന് വേണ്ടി രണ്ടാമതൊരു ഫാക്ടറി കൂടി ഇന്ത്യയില്‍ ആരംഭിക്കാന്‍ ആപ്പിളിന്റെ കരാര്‍ കമ്പനികളിലൊന്നിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാബില്‍ എന്ന കമ്പനിയാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുതിയ ഫാക്ടറി ആരംഭിക്കാനൊരുങ്ങുന്നതെന്നാണ് വിവരം. ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് ജാബില്‍.

നിലവില്‍ പൂണെയിൽ ആപ്പിള്‍ എയര്‍പോഡുകളുടെ ഒരു ഭാഗം നിര്‍മിക്കുന്നതിനുള്ള ജാബിലിന്റെ ഒരു ഫാക്ടറി പ്രവര്‍ത്തിക്കുന്നുണ്ട്. തിരുച്ചിറപ്പള്ളിയില്‍ കൂടി ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ ഉൽപാദനം ഇരട്ടിയാക്കാന്‍ ജാബിലിന് സാധിക്കും. ജൂലൈയോട് കൂടെ ഈ പദ്ധതിയില്‍ കമ്പനി അന്തിമ തീരുമാനമെടുക്കും.

അതേസമയം ചൈനയുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള ഉൽപാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആപ്പിള്‍ ആരംഭിച്ചത്.

ആപ്പിളിന്റെ പ്രധാന നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്ന ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കാണ് അമേരിക്ക ഏറ്റവും കൂടുതല്‍ തീരുവ ചുമത്തിയത്. ഈ സാഹചര്യത്തിലാണ് ആപ്പിള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നത്.

X
Top