ഇന്ത്യയടക്കമുള്ള(India) എണ്ണ ഉപഭോക്തൃ രാജ്യങ്ങളെ സംബന്ധിച്ച് കഴിഞ്ഞ 24 മണിക്കൂറുകള്‍ ആശ്വാസത്തിന്റേതാണെന്നു നിസംശയം പറയാം. ഒരിടവേളയ്ക്കു ശേഷം ഇന്നലെ 82 ഡോളറിലേയ്ക്ക് അടുത്ത ആഗോള എണ്ണവില(Global Fuel Price) വീണ്ടും 80 ഡോളറില്‍ താഴെയെത്തി.
ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ബ്രെന്റ് ക്രൂഡ് ബാരലിന് 2.31% വിലയിടിഞ്ഞ് 79.55 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 75.85 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
യുക്രൈന്‍- റഷ്യ യുദ്ധം, ഇസ്രയേല്‍, ഹമാസ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു പുറമേ എണ്ണ വിപണിയെ സമ്മര്‍ദത്തിലാക്കുന്ന പുതിയ കാര്യം ലിബിയ ആണ്. ഡിമാന്‍ഡ് ആശങ്കകള്‍ ശക്തമായി തുടരുന്നതിനിടെയാണ് ലിബിയ പ്രധാന ചര്‍ച്ച വിഷയമാകുന്നത്.
ലിബിയയിലുടനീളമുള്ള നിരവധി എണ്ണപ്പാടങ്ങള്‍ അടച്ചുപൂട്ടുകയാണ്. ഉല്‍പാദനം നിര്‍ത്തിവച്ചതായി എന്‍ജിനീയര്‍മാര്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണവും, എണ്ണ വരുമാനവും സംബന്ധിച്ച തര്‍ക്കങ്ങളാണ് പ്രധാന കാരണം.
ഇതോടെ ലിബിയയില്‍ നിന്നുള്ള എണ്ണയുടെ ഒഴുക്ക് ഏറെക്കുറെ നിലച്ചിരിക്കുന്നു. ട്രിപ്പോളിയിലെ പ്രസിഡന്‍സി കൗണ്‍സില്‍ തലവന്‍ മുഹമ്മദ് അല്‍ മെന്‍ഫി, സെന്‍ട്രല്‍ ബാങ്ക് മേധാവി സാദിഖ് അല്‍ കബീറിനേയും ബാങ്കിന്റെ ബോര്‍ഡിനേയും മാറ്റാന്‍ തീരുമാനമെടുത്തെങ്കിലും, ഈ നീക്കം കിഴക്കന്‍ പാര്‍ലമെന്റ് നിരസിച്ചു.
എണ്ണ വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യമാണിത്. ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി അബ്ദുള്‍ ഹമീദ് ദ്ബീബ അടച്ചുപൂട്ടലുകളെ അപലപിച്ചു.
തെക്കുപടിഞ്ഞാറന്‍ ലിബിയയിലെ എല്‍ ഫീല്‍ എണ്ണപ്പാടത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തിയതായും, കിഴക്ക്- തെക്കുകിഴക്കന്‍ മേഖലകളില്‍ ഉല്‍പ്പാദനം നിര്‍ത്തുകയോ, കുറയ്ക്കുകയോ ചെയ്തതായും എന്‍ജിനീയര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി ഉല്‍പ്പാദനം ക്രമേണ അവസാനിപ്പിക്കുമെന്ന് പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ ബ്ലൂംബെര്‍ഗിനോട് സൂചിപ്പിച്ചെന്നാണു വിവരം. അടച്ചുപൂട്ടലിന് മുമ്പ് ശരാശരി 1.2 ദശലക്ഷം ബിപിഡി ആയിരുന്നു ലിബിയയുടെ എണ്ണ ഉല്‍പ്പാദനം.
വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്ക് തടസപ്പെട്ടെങ്കിലും സമ്മര്‍ദം അവസാനിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണ് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ചസിന്റെ റിപ്പോര്‍ട്ട്. വിതരണം തടസപ്പെടുമ്പോഴും ഡിമാന്‍ഡ് ആശങ്കകള്‍ക്കു തന്നെയാണ് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലിബിയ പ്രശ്‌നത്തെ തുടര്‍ന്ന് കുതിച്ച എണ്ണവില അതേ വേഗത്തില്‍ കുറയാനുള്ള കാരണവും ഇതു തന്നെ. ഏറ്റവും പുതിയ നടപടിയില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് അതിന്റെ പ്രതീക്ഷിക്കുന്ന എണ്ണ വില പരിധി 5 ഡോളര്‍ കുറച്ചിട്ടുണ്ട്.
ദുര്‍ബലമായ ചൈനീസ് ഡിമാന്‍ഡ്, ഉയര്‍ന്ന ഇന്‍വെന്ററികള്‍, യുഎസ് ഷെയ്ല്‍ ഉല്‍പ്പാദനം എന്നിവ എണ്ണവില പ്രവചനങ്ങള്‍ താഴേയ്ക്ക് പരിഷ്‌കരിക്കാന്‍ റേറ്റിംഗ് ഏജന്‍സിയെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍.
അടുത്ത വര്‍ഷവും ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറില്‍ താഴെയാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നു. ഒപെക് പ്ലസ് പ്രവര്‍ത്തനങ്ങളെ ആശ്രയിച്ച് കുത്തനെയുള്ള ഇടിവിനോ, മാന്ദ്യത്തിനോ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.