
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്ക് ശനിയാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 12594 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20.6 ശതമാനം അധികം.
അറ്റ വരുമാനം 20.3 ശതമാനം ഉയര്‍ന്ന് 34552 കോടി രൂപയായി. അറ്റ പലിശ വരുമാനം (എന്‍ഐഐ) 23.7 ശതമാനമുയര്‍ന്ന് 23351 കോടി രൂപയായപ്പോള്‍ ബാങ്ക് സ്വീകരിച്ച നിക്ഷേപം 20.8 ശതമാനമുയര്‍ന്ന് 18.83 ലക്ഷം കോടി രൂപയും വായ്പ 16.9 ശതമാനമുയര്‍ന്ന് 16 ലക്ഷം കോടി രൂപയുമാണ്.
കറന്റ്, സേവിംഗ്‌സ് നിക്ഷേപം 11.3 ശതമാനമുയര്‍ന്ന് 5.62 ലക്ഷം കോടി രൂപ. മൊത്തം നിക്ഷേപത്തിന്റെ 44.4 ശതമാനം.ആസ്തി ഗുണമേന്മ നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്.
മൊത്തം നിഷ്‌ക്രിയ ആസ്തി 1.23 ശതമാനത്തില്‍ നിന്നും 1.12 ശതമാനമാകുകയായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പയുടെ 0.27 ശതമാനമാണ്. മാര്‍ച്ച് 31 ന് അവസാനിച്ച 2023 സാമ്പത്തികവര്‍ഷത്തിലെ ബാങ്ക് അറ്റാദായം 20.9 ശതമാനം ഉയര്‍ന്ന് 45997 കോടി രൂപയായി.
കൂടാതെ, ബാങ്കിന്റെ മൊത്തം മൂലധന പര്യാപ്തത അനുപാതം (CAR) 19.3 ശതമാനമാണ്. 11.7 ശതമാനമാണ് റെഗുലേറ്റര്‍മാര്‍ അവശ്യപ്പെടുന്നത്. പ്രൊവിഷനുകളും കണ്ടിന്‍ജന്‍സികളും 3312.4 കോടി രൂപയില്‍ നിന്ന് 2685.4 കോടി രൂപയായി കുറഞ്ഞു.
12,181 കോടി രൂപ അറ്റാദായവും 24,601.9 കോടി രൂപ അറ്റ പലിശ വരുമാന (NII)വുമാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കണക്കാക്കിയിരുന്നത്.