
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ഉപഭോക്തൃ ഹെല്‍പ്പ് ലൈന്‍ (എന്‍സിഎച്ച്) ഇതിനോടകം 3,000 പരാതികള്‍ സ്വീകരിച്ചു. സെപ്തംബര്‍ 22 നാണ് ജിഎസ്ടി പരിഷ്‌ക്കരണം പ്രാബല്യത്തിലായത്.
നിലവില്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകളാണ് നിലവിലുള്ളത്. 99 ശതമാനം നിത്യോപയോഗ ഇനങ്ങളും നിലവില്‍ 5 ശതമാനത്തിലാണുള്ളത്. ഇത് നേരത്തെ 18 ശതമാനത്തിലായിരുന്നു. അതേസമയം ഈ നിരക്കുകള്‍ പലപ്പോഴും വിലകളില്‍ പ്രതിഫലിക്കുന്നില്ല.ചില്ലറ വ്യാപാരികള്‍ക്കെതിരെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും പരാതികളുണ്ട്.
പരാതികള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന് (സിബിഐസി) കൈമാറും. ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു. ഇവ വിശകലനം ചെയ്യുന്നതിനും അന്യായമായ വ്യാപാര രീതികളുടെ പാറ്റേണുകള്‍ കണ്ടെത്തുന്നതിനും മന്ത്രാലയം കൃത്രിമ ബുദ്ധിയും ചാറ്റ്‌ബോട്ട് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.
പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ റവന്യൂ വകുപ്പ് അനൗപചാരിക ഓഡിറ്റുകളും വില പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. വെണ്ണ, എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയുള്‍പ്പെടെ 54 അവശ്യ വസ്തുക്കളുടെ വിലയിലെ മാറ്റങ്ങള്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നു.
നികുതി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാതെ അധിക ലാഭം ഉണ്ടാക്കുന്നത് – ജിഎസ്ടി നിയമത്തിന്റെ ലംഘനമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ജിഎസ്ടി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത പ്ലാറ്റ്‌ഫോമുകള്‍ക്കും മറ്റുള്ളവര്‍ക്കും ലാഭേച്ഛ വിരുദ്ധ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കും. ഇതില്‍ പിഴ ഉള്‍പ്പെടുന്നു.