
മുംബൈ: വിരമിക്കല്‍ മാനദണ്ഡങ്ങള്‍ തിരുത്തുന്ന പ്രധാന തീരുമാനത്തില്‍, ടാറ്റ സണ്‍സ്, എന്‍ ചന്ദ്രശേഖരനെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു. ഇതോടെ മൂന്നാം എക്‌സിക്യുട്ടീവ് ടേം ചന്ദ്രശേഖരന് ലഭ്യമാകും. 65 വയസ്സില്‍ റിട്ടയര്‍മെന്റ് എന്ന കമ്പനി ചട്ടമാണ് ഇതോടെ ലംഘിക്കപ്പെട്ടത്.
2025 സെപ്റ്റംബര്‍ 11 ന് നടന്ന ടാറ്റ ട്രസ്റ്റ് യോഗം തീരുമാനത്തിന് അനുമതി നല്‍കി. നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും ചേര്‍ന്നാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. നിലവിലെ കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ്, 2026 ഫെബ്രുവരിയില്‍ മൂന്നാം ടേം പ്രതീക്ഷിക്കപ്പെടുന്നു.
സെമികണ്ടക്ടര്‍ നിര്‍മ്മാണം, ഇലക്ട്രിക് വാഹന ബാറ്ററി നിര്‍മ്മാണം, എയര്‍ ഇന്ത്യയുടെ പരിവര്‍ത്തനം എന്നിവ ഉള്‍പ്പടെനിരവധി വലതും സങ്കീര്‍ണ്ണവുമായ പദ്ധതികള്‍ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
രണ്ടാമത്തെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരിയില്‍ ചന്ദ്രശേഖരന് 65 വയ്‌സ് തികയും. 2017 ജനുവരിയിലാണ് അദ്ദേഹം ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വരുമാനം ഏതാണ്ട് ഇരട്ടിയാക്കി. അറ്റാദായവും വിപണി മൂല്യവും മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
ടാറ്റ സണ്‍സിന്റെ ആസ്തി 43,252 കോടി രൂപയില്‍ നിന്ന് 1.49 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്.