
മുംബൈ: നടപ്പ് വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായം ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. എംഎഫുകളുടെ പക്കലുള്ള ഇക്വിറ്റി ആസ്തികള്‍ (എയുസി) ആദ്യമായി 50 ലക്ഷം കോടി രൂപ കടക്കുകയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കായ 39.21 ലക്ഷം കോടി രൂപയില്‍ നിന്ന് 50.83 ലക്ഷം കോടി രൂപയിലേയ്ക്കുള്ള കുതിപ്പ്. ഇത് റെക്കോര്‍ഡ് ഉയരവും 30 ശതമാനം കുത്തനെയുള്ള വര്‍ധനവുമാണ്.
ഇക്വിറ്റി ഉടമസ്ഥാവകാശത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിഹിതം 10.8 ശതമാനത്തിലേക്ക് ഉയര്‍ന്നു. എക്കാലത്തേയും ഉയര്‍ന്ന മൂല്യം.2020 മാര്‍ച്ചില്‍ പ്രതിമാസം ഏകദേശം 8,500 കോടി രൂപയായിരുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി)സംഭാവനകള്‍ 2025 സെപ്റ്റംബറോടെ ഏകദേശം 3.5 മടങ്ങ് വര്‍ദ്ധിച്ച് 29,361 കോടി രൂപയായി. പലിശ നിരക്ക് കുറയ്ക്കല്‍, 100 ബേസിസ് പോയിന്റുകളുടെ സിആര്‍ആര്‍ കുറവ്, ജിഎസ്ടി പരിഷ്‌ക്കരണം എന്നീ പണ, സാമ്പത്തിക പിന്തുണ – മാക്രോ ഇക്കണോമിക് അന്തരീക്ഷത്തെ ശക്തിപ്പെടുത്തി. ഇത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചു.
വിപണി സ്തംഭിക്കുകയോ നെഗറ്റീവ് പ്രവണതകള്‍ ശക്തമാകുകയോ ചെയ്യുന്ന പക്ഷം നിക്ഷേപം മിതമായ നിരക്കിന് സാക്ഷ്യം വഹിക്കുമെന്ന് വിദഗ്ധര്‍ അതേസമയം മുന്നറിയിപ്പ് നല്‍കി. സൂചിക, ഹൈബ്രിഡ് ഫണ്ടുകളോടുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം നിക്ഷേപകര്‍ക്ക് കൂടുതല്‍ വൈവിധ്യപൂര്‍ണ്ണവും സ്ഥിരതയുള്ളതുമായ അവസരങ്ങള്‍ നല്‍കുന്നു. ഇത് മ്യൂച്വല്‍ ഫണ്ട് പങ്കാളിത്തത്തിന്റെ അടിത്തറ കൂടുതല്‍ വിശാലമാക്കുകയാണ്.






