മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ മാസവും മ്യൂച്വല്‍ ഫണ്ടുകള്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ വാങ്ങി. മെയ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ വാങ്ങാനായി 7600 കോടി രൂപയാണ് വിനിയോഗിച്ചത്.
ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഓഹരികളില്‍ 1890 കോടി രൂപ നിക്ഷേപിച്ചിരുന്നു. മാര്‍ച്ചില്‍ 4600 കോടി രൂപയും ഫെബ്രുവരിയില്‍ 8432 കോടി രൂപയും ജനുവരിയില്‍ 1284 കോടി രൂപയും ആണ് അവ ഈ ഓഹരിയില്‍ നിക്ഷേപിച്ചത്.
മെയ് 31ലെ കണക്ക് പ്രകാരം മ്യൂച്വല്‍ ഫണ്ടുകള്‍ 151.69 കോടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് കൈവശം വയ്‌ക്കുന്നത്. ഏപ്രിലില്‍ ഇത് 146.70 കോടി ഓഹരികള്‍ ആയിരുന്നു. 41 മ്യൂച്വല്‍ ഫണ്ടുകള്‍ ആണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ കൈവശം വെക്കുന്നത്.
ഇതില്‍ 26 ഫണ്ടുകള്‍ മെയ് മാസത്തില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങി. ക്വാണ്ടം മ്യൂച്വല്‍ ഫണ്ട്, ഐസിഐസി പ്രൂഡന്‍ഷ്യല്‍ ഫണ്ട്, ആക്‌സിസ് മ്യൂച്ചല്‍ ഫണ്ട് എന്നിവയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയത്.
മ്യൂച്വല്‍ ഫണ്ടുകളും ബ്രോക്കറേജുകളും എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ ഓഹരിയില്‍ `ബുള്ളിഷ്’ ആയി തുടരുകയാണ്. ഈ ഓഹരിയില്‍ ഈയിടെ ഉണ്ടായ തിരുത്തല്‍ നിക്ഷേപത്തിനുള്ള അവസരമായാണ് വിവിധ അനലിസ്‌റ്റുകള്‍ കാണുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി കഴിഞ്ഞ ഒരു മാസം കൊണ്ട് 13 ശതമാനമാണ് മുന്നേറിയത്. അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 3.5 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.
എച്ച്‌ഡിഎഫ്‌സി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 37 ശതമാനം വളര്‍ച്ചയോടെ 16,512 കോടി രൂപ ലാഭം കൈവരിച്ചു. 16,373 കോടി രൂപയായിരുന്നു മുന്‍വര്‍ഷം സമാന കാലയളവിലെ ലാഭം.
29,007 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 28,470 കോടി രൂപയായിരുന്നു.