
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയില്‍ ജപ്പാനിലെ ഏറ്റവും പുതിയ ഇ10 അതിവേഗ ട്രെയിനുകള്‍ ഉപയോഗിക്കും.
ഇ10 ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ അടുത്തിടെയാണ് ജപ്പാനില്‍ പരീക്ഷണ ഓട്ടം നടത്തിയത്. 400 കിലോമീറ്ററിലേറെ വേഗത ട്രെയിന്‍ അനായാസം കൈവരിച്ചു.
2030 ല്‍ ജപ്പാനില്‍ ഇ10 ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഇതോടൊപ്പം തന്നെ ജാപ്പനീസ് സഹകരണത്തോടെ നടപ്പാക്കുന്ന ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലും ഇവ ഉപയോഗിക്കാനാണ് പദ്ധതി.
നിലവില്‍ ഇ5 ഷിന്‍കാന്‍സെന്‍ ട്രെയിനുകള്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഉപയോഗിക്കാനാണ് ധാരണയായിരുന്നത്. എന്നാല്‍ ഇന്ത്യ-ജപ്പാന്‍ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായി ഇ10 ട്രെയിനുകള്‍ നല്‍കുന്നതിന് ജാപ്പനീസ് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.
508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പാത. ഗുജറാത്തില്‍ കൂടി 352 കിലോമീറ്ററും മഹാരാഷ്‌ട്രയില്‍ കൂടി 156 കിലോമീറ്ററും പാത കടന്നുപോകുന്നു. 310 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ വാണിജ്യ സേവനങ്ങള്‍ 2027 ല്‍ ആരംഭിക്കും. 2026 ല്‍ പരീക്ഷണ സര്‍വീസുകള്‍ ഓടിത്തുടങ്ങും.
യൂറോപ്യന്‍ സഹകരണം
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ജാപ്പനീസ് സഹകരണത്തിനപ്പുറം യൂറോപ്യന്‍ സാങ്കേതിക വിദ്യകളും ഉപയോഗിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സമഗ്രമായ സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്കുള്ള കരാറുകള്‍ അടുത്തിടെ യൂറോപ്യന്‍ സാങ്കേതിക കമ്പനികള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ബുള്ളറ്റ് ട്രെയിന്‍
മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഒരു ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാന്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയെ (ഐസിഎഫ്) കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.
ഈ അതിവേഗ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് പ്രതിരോധ പൊതുമേഖലാ കമ്പനിയായ ബിഇഎംഎലുമായി ഐസിഎഫ് പങ്കാളിത്തം ഉണ്ടാക്കിയിട്ടുണ്ട്.