ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നരായ ആദ്യ പത്തുപേരില്‍ ഒരാളായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.
അഞ്ച് വര്‍ഷത്തിനിടെ സമ്പാദ്യത്തില്‍ 200 ശതമാനത്തിന്റെ വര്‍ധനവുണ്ടായതോടെയാണ് ലോക ധനാഢ്യരുടെ ആദ്യ പത്തിലേക്ക് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ തിരികെയെത്തിയത്.
ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ഈ വിവരം.
മുകേഷ് അംബാനി തിരികെയെത്തിയതോടെ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഏകദേശം 9.45 ലക്ഷം കോടി രൂപയാണ് (114.1 ബില്യണ്‍ ഡോളര്‍) മുകേഷിന്റെ ആസ്തി. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്.
ഫോര്‍ബ്‌സ് റിപോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ്. ഫ്രഞ്ച് ശതകോടീശ്വരനായ ഇദ്ദേഹം ലൂയി വിറ്റണ്‍ മൊയ്റ്റ് ഹെന്നസി (എല്‍വിഎംഎച്ച്) സിഇഒയാണ്.
18.60 ലക്ഷം കോടി രൂപ (222 ബില്യണ്‍ ഡോളറാണ്) യാണ് അര്‍നോള്‍ട്ടിന്റെ ആസ്തി. ടെസ്ല സിഇഒ എലോണ്‍ മസ്‌കാണ് 16.74 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്.
മുകേഷ് അംബാനിയുടെ ആസ്തി 36 ബില്യണ്‍ ഡോളറില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ടാണ് 114 ബില്യണ്‍ ഡോളറായി ഉയര്‍ന്നത്. റിലയന്‍സ് കമ്പനിയുടെ ഊര്‍ജം, റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നീ ബിസിനസുകളാണ് മുകേഷിന്റെ സമ്പാദ്യം വന്‍തോതില്‍ വര്‍ധിക്കാന്‍ സഹായിച്ചത്.
ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ഏറ്റവും വലുതും ലാഭകരവുമായ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
റിലയന്‍സും ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിങ് സ്‌കൂളുകളുടെയും പിന്തുണയുള്ള ഒരു കണ്‍സോര്‍ഷ്യം 2024 മാര്‍ച്ചില്‍ ചാറ്റ്ജിപിടി മാതൃകയിലുള്ള ആദ്യ സേവനം ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണി മൂല്യമനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ്.
സമ്പന്നരുടെ ആസ്തി നിര്‍ണയിക്കുന്നതില്‍ ലോകത്തെ ആധികാരിക റിപോര്‍ട്ടായാണ് ഫോര്‍ബ്‌സ് കണക്കാക്കപ്പെടുന്നത്.
ഫോര്‍ബ്‌സിന്റെ ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്തുപേരുടെ പേരുകള്‍ ചുവടെ:-
ആദ്യ പത്ത് കോടീശ്വരന്മാരും ആസ്തിയും (ബില്യണ്‍ ഡോളറില്‍)
ബെര്‍ണാഡ് അര്‍നോള്‍ട്ട് & ഫാമിലി- 223.4
ഇലോണ്‍ മസ്‌ക്- 201.7
ജെഫ് ബെസോസ്- 188.4
മാര്‍ക്ക് സക്കര്‍ബര്‍ഗ്- 165.9
ലാറി എലിസണ്‍- 136.1
വാറന്‍ ബഫറ്റ്- 133.9
ബില്‍ ഗേറ്റ്‌സ്- 123.8
സ്റ്റീവ് ബാല്‍മര്‍- 120.0
ലാറി പേജ്- 118.3
മുകേഷ് അംബാനി- 114.1