
മുംബൈ: 2023 അവസാനത്തോടെ രാജ്യം മുഴുവൻ 5ജി എത്തിക്കുന്നതടക്കമുള്ള റിലയൻസിന്റെ പുതിയ തലമുറ നേതൃത്വത്തിന്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് മുകേഷ് അംബാനി. പിതാവ് ധീരുഭായ് അംബാനിയുടെ ജന്മദിനത്തിന്റെ ഭാഗമായ റിലയൻസ് ഫാമിലി ഡേയിൽ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ നേതൃപാടവവും ടീം വർക്കും ചൂണ്ടിക്കാട്ടിയായിരുന്നു മുകേഷ് അംബാനിയുടെ പ്രസംഗം.
മൂന്നു മക്കളിൽ ടെലികോം, ഡിജിറ്റൽ ബിസിനസിന്റെ ചുമതല ആകാശ് അംബാനിക്കാണ്. റീട്ടെയ്ൽ രംഗം ഇഷയാണ് നയിക്കുന്നത്. ഊർജമേഖലയിലെ കച്ചവടം ആനന്ദ് അംബാനിയുടെ നേതൃത്വത്തിലാണ്.
5 വർഷം കൂടി കഴിഞ്ഞാൽ റിലയൻസ് വ്യവസായ രംഗത്തെത്തിയിട്ട് 50 വർഷം തികയും. ആകാശിന്റെ നേതൃത്വത്തിൽ ജിയോ ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്ത്യയിൽ നടപ്പിലാക്കും.
ചെറിയ ഗ്രാമങ്ങളിൽ പോലും 5ജി എത്തുന്നതോടെ ഇന്ത്യയിൽ നഗര–ഗ്രാമ വേർതിരിവ് ഇല്ലാതാകും. റീട്ടെയ്ൽ ബിസിനസിലൂടെ രാജ്യത്തെ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും മികച്ച വരുമാനം അടക്കം ഉറപ്പാക്കും. ഓയിൽ വ്യവസായ രംഗത്ത് മേൽക്കൈ തുടരുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
ഹൈഡ്രജൻ ബിസിനസിലേക്കുള്ള പ്രവേശം, കൂടുതൽ വമ്പൻ ഗിഗാ ഫാക്ടറികൾ ഉൾപ്പെടെ നവ ഊർജ രംഗത്ത് ഒട്ടേറെ പദ്ധതികളാണ് ആനന്ദിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്നത്.
ടീം വർക്കിന്റെ വിജയമായിരുന്നു അർജന്റീനയുടെ ഫുട്ബോൾ ലോകകപ്പ് നേട്ടം. മെസ്സിയെ പോലൊരു നായകൻ പ്രചോദിപ്പിക്കാനില്ലായിരുന്നെങ്കിൽ അവർക്ക് അത് സാധ്യമാകില്ലായിരുന്നു. ബിസിനസ് വിജയത്തിനും അതു ബാധകമാണ്.’’ അദ്ദേഹം പറഞ്ഞു.