
ദില്ലി: ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് ഇൻഷുറൻസ് മേഖലയിൽ എന്ന് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 87 ശതമാനം അധികം പേർക്ക് ഇത്തവണ ജോലി കിട്ടി. നൗകരി ജോബ് സ്പീക്ക്സ് ഇന്റക്സിന്റെ കണക്കുകളാണ് പുറത്തുവന്നത്.
ദില്ലി തലസ്ഥാന മേഖലയിലാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. തൊട്ടുപിന്നിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും ഉണ്ട്.
നാല് മുതൽ ഏഴ് വർഷം വരെ തൊഴിൽ പരിചയം ഉള്ള യുവാക്കൾക്ക് ആയിരുന്നു ഓഗസ്റ്റ് മാസത്തിൽ കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 103 ശതമാനം വളർച്ചയാണ് ഇവർക്ക് തൊഴിൽ അവസരങ്ങളിൽ ലഭിച്ചത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ ഡിമാൻഡ് ഉണ്ടായതിൽ രണ്ടാം സ്ഥാനം, മൂന്നുവർഷം വരെ തൊഴിൽ പരിചയമുള്ളവർക്ക് ആയിരുന്നു. എട്ടു മുതൽ 12 വർഷം വരെ തൊഴിൽ പരിചയമുള്ളവർക്ക് ഡിമാൻഡ് കുറവായിരുന്നു എങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് 42 ശതമാനം വളർച്ചയാണ് ഇവർക്ക് ലഭിച്ച അവസരങ്ങളിൽ ഉള്ളത്.
ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി സെക്ടർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഓഗസ്റ്റ് 56 ശതമാനം വളർച്ച നേടി. റിയൽ എസ്റ്റേറ്റ് സെക്ടറിൽ 24 ശതമാനവും റീട്ടെയിൽ സെക്ടറിൽ 18 ശതമാനവും എഫ് എം സി ജി സെക്ടറിൽ 15 ശതമാനവും വളർച്ചയാണ് പുതിയ തൊഴിൽ അവസരങ്ങളിൽ ഉണ്ടായത്.
കാലങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഐടി സെക്ടറിൽ അവസരങ്ങൾ കുറയുന്നതാണ് ഓഗസ്റ്റ് മാസത്തിൽ കണ്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി 10 ശതമാനം കുറവായിരുന്നു ജോലി ലഭിച്ചവരുടെ എണ്ണം.