
കൊച്ചി: വിദേശ രാജ്യങ്ങളിലെ പഠനത്തിനും കുടിയേറ്റത്തിനുമുള്ള ഇന്റര്നാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റത്തിലെ പരീക്ഷയ്ക്ക് കേരളത്തിൽ അപേക്ഷകരുടെ വൻ വർധന. ഈ വർഷം രണ്ടു ലക്ഷത്തിലേറെപ്പേരാണ് പരീക്ഷയ്ക്ക് പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്.
100 കോടിയിലേറെ രൂപ പരിശീലന കേന്ദ്രങ്ങളിൽ മാത്രമായി ഈ വര്ഷം ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
2000ത്തിന്റെ തുടക്കകാലത്ത് പ്രതിവര്ഷം 500-ഓളം അപേക്ഷകർ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്ധന. കോവിഡ് കാലത്തിനുശേഷം ഈ രംഗത്തേക്ക് വൻ തോതിൽ അപേക്ഷകർ വരുന്നതായാണ് പരിശീലന കേന്ദ്രങ്ങളിലെ രജിസ്ട്രേഷൻ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്.
കേരളത്തില് ഇപ്പോള് 5000-ത്തോളം ഐ.ഇ.എല്.ടി.എസ്. പരിശീലന കേന്ദ്രങ്ങളുണ്ട്. കോവിഡ് കാലത്തിനു മുന്പ് 500-ഓളം സെന്ററുകള് മാത്രം പ്രവര്ത്തിച്ചിരുന്ന സ്ഥാനത്താണ് ഇത്. കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ സെന്ററുകളിലാണ് കൂടുതല് പേര് പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്.
കൊച്ചിക്കും കോഴിക്കോടിനും തിരുവനന്തപുരത്തിനും പുറമേ കോട്ടയം, തൃശ്ശൂര് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങള് അനുവദിക്കാറുണ്ട്.
നേരത്തേ യു.കെ., കാനഡ, യു.എസ്.എ., അയര്ലന്ഡ്, ഓസ്ട്രേലിയ, ന്യൂസീലന്ഡ് തുടങ്ങി ഇംഗ്ലീഷ് പ്രഥമ ഭാഷയായ രാജ്യങ്ങളാണ് ഐ.ഇ.എല്.ടി.എസ്. ടെസ്റ്റ് നിര്ബന്ധമാക്കിയിരുന്നതെങ്കില് ഇപ്പോള് ജര്മനി, ഫ്രാന്സ്, സ്വിറ്റ്സര്ലന്ഡ് തുടങ്ങിയ രാജ്യങ്ങളും ഈ ടെസ്റ്റ് ആവശ്യപ്പെടുന്നുണ്ട്.
അപേക്ഷകരുടെ എണ്ണത്തില് വര്ധന വരാന് ഇതും ഒരു കാരണമാകാമെന്ന് വിദേശ വിദ്യാഭ്യാസ കണ്സല്ട്ടന്റായ ഡോ. എസ്. രാജ് ചൂണ്ടിക്കാട്ടുന്നു.
അപേക്ഷകന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാനുള്ള പരീക്ഷയാണ് ഐ.ഇ.എല്.ടി.എസ്. ബ്രിട്ടീഷ് കൗണ്സിലാണ് ഈ ടെസ്റ്റിന്റെ പ്രധാന സംഘാടകര്. ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ നാലു തരത്തിലാണ് അപേക്ഷകന്റെ പ്രാവീണ്യം പരിശോധിക്കുന്നത്.
ആറുമുതല് ആറരവരെയുള്ള സ്കോറുകളാണ് സാധാരണയായി നേടിയിരിക്കേണ്ടത്. ഒരു തവണ നേടുന്ന സ്കോറിന് രണ്ടു വര്ഷത്തെ കാലാവധിയുണ്ടാകും.