
മുംബൈ: ബ്രോക്കര്‍മാര്‍ അനധികൃതമായി പ്രൊപ്പറേറ്ററി ട്രേഡിംഗ് (പ്രോപ്പ് ട്രേഡിംഗ് എന്ന് വിളിക്കപ്പെടുന്നു) നടത്തിയതായി റിപ്പോര്‍ട്ട്.ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന ഈ അഴിമതി മണികണ്‍ട്രോളാണ് ആദ്യ റിപ്പോര്‍ട്ട് ചെയ്തത്.
പ്രോപ്പ് ട്രേഡിംഗില്‍, ബ്രോക്കര്‍മാര്‍ക്ക് സ്വന്തം പണം ഉപയോഗിച്ച് വ്യാപാരം നടത്താന്‍ അനുവാദമുണ്ട്. അതേസമയം നിരവധി ബ്രോക്കര്‍മാര്‍ പുറത്തുള്ള വ്യാപാരികളെ പ്രോപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചു. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) പരിശോധന കൂടാതെ, രേഖാമൂലമുള്ള കരാറുകളോ ഇല്ലാതെയായിരുന്നു ക്രമീകരണങ്ങള്‍.ആരാണ് നിക്ഷേപിക്കുന്നത്, എത്ര വ്യാപാരം ചെയ്യുന്നു, ഏതൊക്കെ നിബന്ധനകള്‍ അംഗീകരിച്ചു എന്നതിന്റെ ഒരു രേഖയും ബ്രോക്കര്‍മാരുടെ പക്കലുണ്ടായിരുന്നില്ല.
ഏജന്റുമാര്‍ ഇടപാടില്‍ ഇടനിലക്കാരായി. ഇവര്‍ വ്യക്തിഗത വ്യാപാരികളില്‍ നിന്ന് പണം ശേഖരിക്കുകയും ബ്രോക്കര്‍മാരുമായി രഹസ്യ ഇടപാടുകള്‍ നടത്തുകയും ചെയ്തു. പല കേസുകളിലും, ബിസിനസുമായി ബന്ധമില്ലാത്ത സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബ്രോക്കര്‍മാര്‍ പണം മാറ്റിയിട്ടുണ്ട്. ലിവറേജ് ദുരുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.
നഷ്ടങ്ങള്‍ സംഭവിച്ചപ്പോള്‍ രേഖകളുടെ അഭാവം ഗുരുതരമായ ഒരു പ്രശ്നമായി മാറി. വ്യാപാരികള്‍ക്ക് നിയമപരമായ സംരക്ഷണമോ പണം വീണ്ടെടുക്കാനുള്ള മാര്‍ഗമോ ഉണ്ടായിരുന്നില്ല. കെവൈസി, കരാര്‍, ഔദ്യോഗിക രേഖകള്‍ എന്നിവ ഇല്ലാത്തതിനാല്‍, മുഴുവന്‍ സജ്ജീകരണവും വിശ്വാസത്തെ മാത്രം ആശ്രയിച്ചായിരുന്നു. മുംബൈ, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് തുക നഷ്ടപ്പെട്ടത്. സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിയമപ്രകാരം ബ്രോക്കര്‍മാര്‍ക്ക് സ്വന്തം ഫണ്ടുകള്‍ ഉപയോഗിച്ച് മാത്രമേ പ്രോപ്പ് ട്രേഡിംഗ് നടത്താനാകൂ.





