
മുംബൈ: 2022 ഓഗസ്റ്റിൽ കമ്പനിയുടെ മൊത്തം ഓട്ടോമൊബൈൽ ഉൽപ്പാദനം 82.87 ശതമാനം ഉയർന്ന് 60,751 യൂണിറ്റുകളായതായി പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ കമ്പനിയുടെ ഉൽപ്പാദനം 33,220 യൂണിറ്റുകളായിരുന്നു.
കൂടാതെ 2022 ഓഗസ്റ്റിൽ ഓട്ടോമൊബൈൽ പ്രമുഖന്റെ മൊത്തം വിൽപ്പന 104.84 ശതമാനം വർധിച്ച് 56,137 യൂണിറ്റിലെത്തിയിരുന്നു. 2021 ഓഗസ്റ്റിൽ ഇത് 27,405 യൂണിറ്റുകളായിരുന്നു. അതേസമയം അവലോകന കാലയളവിലെ കമ്പനിയുടെ കയറ്റുമതി 2,912 യൂണിറ്റായി കുറഞ്ഞു.
ഇന്ത്യയിൽ കാർഷിക ഉപകരണങ്ങൾ, യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് എം ആൻഡ് എം. വോളിയം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ കമ്പനിയാണിത്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകികൃത അറ്റാദായം 66.9% വർധിച്ച് 1,430 കോടി രൂപയായി ഉയർന്നിരുന്നു.






