
മുംബൈ: ഇരട്ടി നികുതി ചുമത്താനുള്ള മെക്സിക്കോയുടെ പുതിയ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്ന് സൂചന. വ്യാപാര കരാറില്ലാത്ത രാജ്യങ്ങളുടെ കയറ്റുമതിക്കാണ് ഇരട്ടിയിലേറെ താരിഫ് ചുമത്താൻ മെക്സിക്കോ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ വാഹന നിർമാതാക്കൾ കേന്ദ്ര സർക്കാറിനെ ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേർസ് സൊസൈറ്റി, ഓട്ടോ കോംപണന്റ് മാനുഫാക്ചറർസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് ഉപഭോകൃത, വ്യവസായ മന്ത്രാലയവുമായി ചർച്ച നടത്തിയത്. വാഹന വ്യവസായത്തിന് പുറമെ, ശക്തമായ വളർച്ചയുള്ള ഫാർമസ്യൂട്ടിക്കൽസ് കമ്പനികളും കാർഷിക ഉപകരണ നിർമാതാക്കളും പുതിയ കയറ്റുമതി നികുതിയിൽ ആശങ്കാകുലരാണ്.
ഇന്ത്യ ഏറ്റവും അധികം കാറുകൾ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് മെക്സിക്കോ. കഴിഞ്ഞ സാമ്പത്തിക വർഷം 7900 കോടി രൂപയുടെ വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും കഴിഞ്ഞാൽ മൂന്നാമത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യവുമാണ്.
മാരുതി സുസുകിയും സ്കോഡ ഓട്ടോ, ഫോക്സ്‍വാഗൺ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് വർഷം ഒരു ലക്ഷത്തോളം വാഹനങ്ങൾ മെക്സിക്കൻ വിപണിയിൽ വിൽപന നടത്തുന്നത്. ഇന്ത്യയുടെ മൊത്തം വാഹന കയറ്റുമതിയുടെ 12 ശതമാനമാണിത്.
മാരുതി സുസുകി മൊത്തം കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും. മാത്രമല്ല, ഇന്ത്യൻ ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും ഉപഭോക്താക്കളുള്ള വിദേശ വിപണിയാണ് മെക്സിക്കോ. 8,415 കോടി രൂപയുടെ ബൈക്കുകളും സ്കൂട്ടറുകളുമാണ് കയറ്റുമതി ചെയ്യുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷ അടക്കം മുച്ചക്ര വാഹനങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി രാജ്യംകൂടിയാണ്.
യു.എസിനും ജർമനിക്കും ശേഷം ഇന്ത്യയിൽ നിർമിച്ച വാഹന ഘടകങ്ങളുടെ മൂന്നാമത്തെ ശക്തമായ വിപണിയാണ് മെക്സിക്കോ. 7,433 കോടി രൂപയുടെ വാഹന ഘടകങ്ങളാണ് ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതി ചെയ്തത്.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് ഉയർത്തിയതിന്റെ പശ്ചാത്തലത്തിൽ വാഹന ഘടകങ്ങളുടെ കയറ്റുമതി കനത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് മെക്സിക്കോയുടെ നീക്കം. താരിഫ് വർധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏത് നീക്കവും ഇന്ത്യയിലെ കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്ന് വാഹന വ്യവസായ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനികൾക്ക് വൻ വളർച്ച സാധ്യതയുള്ള വിപണിയാണ് മെക്സിക്കോ. ബഹുരാഷ്ട്ര മരുന്നു കമ്പനികളാണ് വിപണിയിൽ ആധിപത്യം പുലർത്തുന്നത്. എന്നാൽ, കനത്ത വില മെക്സിക്കോയിലെ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല.
ബഹുരാഷ്ട്ര കമ്പനികൾ വിൽക്കുന്ന അതേ മരുന്നുകൾ പത്തിലൊന്ന് വിലയിലാണ് ഇന്ത്യൻ കമ്പനികൾ വിൽക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച മരുന്നുകൾക്ക് നികുതിയില്ല. എന്നാൽ, നികുതി ചുമത്താനുള്ള ഏതു നീക്കവും മെക്സിക്കോക്ക് തന്നെയാണ് തിരിച്ചടിയാകുകയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.






