
മുംബൈ: ലോകത്തെ മുൻനിര ചിപ്പ് നിർമാതാക്കളായ, തയ്‌വാനിലെ മീഡിയ ടെക് ഇന്ത്യയിൽ ചിപ്പ് രൂപകല്പനചെയ്യാൻ ആലോചിക്കുന്നു. ഇന്ത്യയിലെ ഉപഭോഗം ഉയരുന്നതും ഉത്പാദനകേന്ദ്രമായി രാജ്യം മാറുന്നതുമാണ് മീഡിയ ടെക്കിനെ ഇന്ത്യയിലേക്കു വരാൻ പ്രേരിപ്പിക്കുന്നത്. ഫാബ്രിക്കേഷൻ സൗകര്യം പ്രവർത്തനസജ്ജമായാൽ ഉത്പാദനം തുടങ്ങുമെന്നാണ് കമ്പനി നൽകുന്ന സൂചന.
സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ്, ഷവോമി, ഒപ്പോ, വിവോ എന്നിവയെല്ലാം മീഡിയടെക്കിന്റെ ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കായി ഇന്ത്യയിൽ ചിപ്പ്സെറ്റുകൾ രൂപകല്പനചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് ചെലവുകുറയ്ക്കാൻ ഉപകരിക്കുമെന്നും മീഡിയടെക് കണക്കുകൂട്ടുന്നു.
ചിപ്പുകൾ ഡിസൈൻ ചെയ്യുന്നതിലും സോഫ്റ്റ്‌വേർ വികസിപ്പിക്കുന്നതിലുമാണ് മീഡിയടെക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചിപ്പ് ഉത്പാദനം ടിഎസ്എംസി, ഇന്റർ ഫൗണ്ടറി സർവീസസ്, ഗ്ലോബൽ ഫൗണ്ടറീസ് പോലുള്ള കമ്പനികൾക്ക് കരാർ നൽകുകയാണ്.
ഫൗണ്ടറി സൗകര്യം സജ്ജമായാൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുമെന്നാണ് അറിയുന്നത്. 2023-ൽ 3,800 കോടി ഡോളറായിരുന്നു ഇന്ത്യയിലെ അർധചാലക വിപണിയുടെ മൂല്യം. 2030-ഓടെ ഇത് 10,000 കോടി ഡോളറിലേക്കുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.