
മുംബൈ: മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഇന്‍ട്രാഡേ ട്രേഡിംഗില്‍ (എംസിഎക്സ്) സ്വര്‍ണ്ണ, വെള്ളി വില റെക്കോര്‍ഡ് ഉയരത്തിലെത്തി. സ്വര്‍ണ്ണം, വെള്ളി, അസംസ്‌കൃത എണ്ണ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഫ്യൂച്ചേഴ്സ് കരാര്‍ വ്യാപാര പ്ലാറ്റ്‌ഫോമാണ് എംസിഎക്സ്.സ്വര്‍ണ്ണത്തിനായുള്ള ഡിസംബര്‍ ഫ്യൂച്ചേഴ്സ് കരാര്‍ 10 ഗ്രാമിന് 1,19,928 രൂപയായി ഉയര്‍ന്നു. അതേസമയം വെള്ളി ഡിസംബര്‍ കരാര്‍ കിലോഗ്രാമിന് 1,47,700 രൂപയാണ്.
ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇവ. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ അടച്ചുപൂട്ടലും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയും കാരണം നിക്ഷേപകര്‍ സുരക്ഷിത താവളങ്ങള്‍ തേടുന്നു. ഇതാണ് കുതിച്ചുചാട്ടത്തിന് കാരണം. കേന്ദ്രബാങ്കിന്റെ നിരക്ക് കുറയ്ക്കല്‍ സ്വര്‍ണ്ണംപോലുള്ള പലിശരഹിത ആസ്തികളെ ആകര്‍ഷകമാക്കും.
യുഎസ് ഡോളറിന്റെ ദുര്‍ബലത, ചൈനയിലെയും ഇന്ത്യയിലെയും സെന്‍ട്രല്‍ ബാങ്കുകളുടെ വര്‍ദ്ധിച്ച വാങ്ങലുകള്‍, ദീപാവലി ഉത്സവത്തിന് മുന്നോടിയായുള്ള ഡിമാന്റ് എന്നിവ സ്‌പോട്ട്മാര്‍ക്കറ്റില്‍ വിലവര്‍ദ്ധനവിന് കാരണണായി. ഉടനടി ഡെലവറിയാണ് സ്‌പോട്ട് മാര്‍ക്കറ്റിന്റെ പ്രത്യേകത.
സ്വതന്ത്ര അനലിസ്റ്റ് അനുജ് ഗുപ്തയുടെ അഭിപ്രായത്തില്‍ ആഗോള അനിശ്ചിതത്വവും അനുകൂല പണനയ സാഹചര്യങ്ങളും കാരണം സ്വര്‍ണ്ണ, വെള്ളിവിലകള്‍ ഇനിയും ഉയരും. 2025 അവസാനത്തോടെ സ്വര്‍ണ്ണം 10 ഗ്രാമിന് 1,20,000 രൂപയും വെള്ളി കിലോഗ്രാമിന് 1,50,000 രൂപയുമാകും.
വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ വില കുറയ്ക്കുകയാണെങ്കില്‍ അത് അവസരമാക്കാന്‍ ടാറ്റ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ ഉപദേശിച്ചു. സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപം തുടരാനും കൂടുതല്‍ വാങ്ങാനുമാണ് ഉപദേശം. പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍, കറന്‍സി മൂല്യത്തകര്‍ച്ച എന്നിവയില്‍ നിന്ന് സംരക്ഷണമൊരുക്കുന്ന തന്ത്രപരമായ ആസ്തിയാണ് സ്വര്‍ണ്ണം. സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കുമിടയില്‍ ഫണ്ട് സന്തുലിതമായി അലോക്കേറ്റ് ചെയ്യാവുന്നതാണ്.