
ചണ്ഡീഗഡ്: കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, മനേസറിനും ഗുരുഗ്രാമിനും ശേഷം ഹരിയാനയിൽ മൂന്നാമത്തെ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. 900 ഏക്കർ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ), സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഐപിഎൽ), ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്എസ്ഐഐഡിസി) എന്നിവ മെയ് 19 ന് 900 ഏക്കർ സ്ഥലം അനുവദിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.
മൊത്തം പദ്ധതി ചെലവ് 18,000 കോടി രൂപയാണ്. വ്യാവസായിക വികസനത്തിലെ നാഴികക്കല്ലായി ഈ നടപടി മാറുമെന്നും, പുതിയ വ്യാവസായിക പ്ലാന്റുകൾ വരുന്നതോടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അറിയിച്ചു. ഖാർഖോഡയിലെ ഇൻഡസ്ട്രിയൽ മോഡൽ ടൗൺഷിപ്പിലെ 900 ഏക്കർ സ്ഥലത്താണ് മാരുതി സുസുക്കിയുടെ ഈ മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കുന്നത്.