
മുംബൈ: ലോകത്തിലെ തന്നെ വാഹനവിപണിയില് മൂന്നാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. വില്പനയുടെ കണക്ക് പരിശോധിച്ചാല് ഓരോ മാസവും മുകളിലോട്ടാണ്.
ഇക്കഴിഞ്ഞ മെയ് മാസത്തെ വില്പ്പനയിലും മുന് വര്ഷത്തെ അപേക്ഷിച്ച് 4.4 ശതമാനത്തിന്റെ വളര്ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
3.49 ലക്ഷം പാസഞ്ചര് വാഹനങ്ങളാണ് മെയ് മാസത്തില് ഇന്ത്യയില് വിറ്റഴിച്ചത്. 2023 മെയ് മാസത്തില് ഇത് 3.34 ലക്ഷമായിരുന്നു. എസ്.യു.വികളാണ് വില്പനയുടെ ഭൂരിഭാഗവും കൊണ്ടുവന്നിട്ടുള്ളത്.
മാരുതി സുസുക്കിയില് ഏറ്റവുമൊടുവിലെത്തിയ പുതുതലമുറ സ്വിഫ്റ്റാണ് മെയ് മാസത്തെ വില്പ്പന ചാര്ട്ടില് ഒന്നാം സ്ഥാനത്ത്. സ്വിഫ്റ്റിന്റെ 19,393 യൂണിറ്റാണ് മാരുതിയില് നിന്ന് വിറ്റഴിഞ്ഞിരിക്കുന്നത്.
എസ്.യു.വി. ശ്രേണിയിലെ വാഹനങ്ങളാണ് ഏറ്റവുമധികം വില്പന നേടിയിരിക്കുന്നത്. മുന് മാസങ്ങളുടെ ആവര്ത്തനമെന്നോണം ടാറ്റയുടെ മൈക്രോ എസ്.യു.വി. മോഡലായ പഞ്ചാണ് ഒന്നാം സ്ഥാനത്ത്. 18,949 പഞ്ചാണ് കഴിഞ്ഞ ഒരു മാസത്തില് ഇന്ത്യന് നിരത്തുകളില് എത്തിയത്.
ആദ്യ സ്ഥാനം മൈക്രോ എസ്.യു.വി. കൈയടക്കിയപ്പോള് രണ്ടാം സ്ഥാന മിഡ്-സൈസ് എസ്.യു.വിയായി ഹ്യുണ്ടായി ക്രെറ്റയാണ് സ്വന്തമാക്കിയത്. 14,622 യൂണിറ്റിന്റെ വില്പനയാണ് കഴിഞ്ഞ ഒരുമാസം ക്രെറ്റയ്ക്ക് ലഭിച്ചത്.
മുന്വര്ഷം ഇതേകാലയളവില് ലഭിച്ച വില്പനയെക്കാള് ഒരു ശതമാനത്തിന്റെ ഉയര്ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13.48 ലക്ഷം രൂപ മുതല് 24.47 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിലാണ് ഹ്യുണ്ടായിയുടെ ഈ എസ്.യു.വി. വിപണിയില് എത്തുന്നത്.
എസ്.യു.വി. വില്പനയില് മൂന്നാം സ്ഥാനത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര് വാഹന വില്പ്പനക്കാരായ മാരുതി സുസുക്കി. കോംപാക്ട് എസ്.യു.വി. മോഡലായ ബ്രെസയാണ് പട്ടികയിലെ മൂന്നാമന്.
മുന്വര്ഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വില്പ്പന നേട്ടത്തോടെ 14,186 യൂണിറ്റിന്റെ വില്പനയാണ് ബ്രെസ നേടിയത്. 2023 മെയ് മാസത്തില് 13,398 യൂണിറ്റായിരുന്നു ബ്രെസയുടെ വില്പ്പന. 8.34 ലക്ഷം രൂപ മുതല് 14.14 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്ഷോ്പറൂം വില.
ഇന്ത്യയിലെ എറ്റവും വലിയ എസ്.യു.വി. നിര്മാതാക്കള് എന്ന വിശേഷണമുള്ള മഹീന്ദ്രയാണ് നാലാം സ്ഥാനത്ത്. സ്കോര്പിയോ എന്, സ്കോര്പിയോ ക്ലാസിക് എന്നീ രണ്ട് മോഡലുകളുടെ വില്പ്പന ചേര്ത്താണ് നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
13,717 യൂണിറ്റാണ് മെയ് മാസത്തില് നിരത്തുകളില് എത്തിയ സ്കോര്പിയോ. 2023 മെയ് മാസത്തില് ഇത് 9318 യൂണിറ്റിന്റെ വില്പ്പനയാണ് ഈ വാഹനങ്ങള്ക്ക് ലഭിച്ചത്. 47 ശതമാനത്തിന്റെ വലിയ നേട്ടമാണ് മഹീന്ദ്ര നേടിയിരിക്കുന്നത്.
ടാറ്റയുടെ നെക്സോണിനെ പിന്തള്ളി അഞ്ചാം സ്ഥാനത്ത് മാരുതി സുസുക്കി ഫ്രോങ്സാണ് മെയ് മാസത്തില് എത്തിയിട്ടുള്ളത്. ഏറ്റവുമധികം വില്പ്പന നേടുന്ന ആദ്യ അഞ്ച് എസ്.യു.വികളില് രണ്ടെണ്ണം മാരുതിയുടേതാണെന്നത് ശ്രദ്ധേയമാണ്. 12,681 ഫ്രോങ്സാണ് മാരുതി സുസുക്കി മെയ് മാസത്തില് ഇന്ത്യന് നിരത്തുകളില് എത്തിയിട്ടുള്ളത്.
അതേസമയം, ടാറ്റ നെക്സോണിന്റെ 11457 യൂണിറ്റ് മാത്രമാണ് മെയ് മാസത്തില് നിരത്തുകളില് എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്ട്ടുകള്.