
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) ഓഫ്ലൈന്‍ ഉപയുക്തത പ്രായോഗികമാക്കുകയാണ് കേന്ദ്രബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഇഡി) അജയ് കുമാര്‍ ചൗദരി അറിയിക്കുന്നു. സിബിഡിസി ഉടന്‍ വിനിമയ മാധ്യമമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അജ്ഞാതത്വം ഉള്‍പ്പെടെയുള്ള ഫിസിക്കല്‍ കറന്‍സിയുടെ എല്ലാ സവിശേഷതകളും ഇതിന് ആവശ്യമാണ്. ഡിജിറ്റല്‍ പണം എന്ന ആശയം സിബിസിഡി യാഥാര്‍ത്ഥ്യമാക്കും. ക്രിപ്റ്റോകള്‍ക്ക് ബദലാകാന്‍ സിബിസിഡിയ്ക്കാകും, ചൗദരി കൂട്ടിച്ചേര്‍ത്തു.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന റീട്ടെയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി)യ്ക്ക് നിലവില്‍ 50,000 ഉപയോക്താക്കളാണുള്ളത്. 5,000 വ്യാപാരികള്‍ പേയ്മന്റ് സ്വീകരിക്കുന്നു.നിലവില്‍ എട്ട് ബാങ്കുകളിലൂടെ 50,000 ഉപഭോക്താക്കളും 5000 വ്യാപാരികളുമാണ് പരീക്ഷണത്തില്‍ ഭാഗഭാക്കാകുന്നത്.
അഞ്ച് വായ്പാ ദാതാക്കള്‍ കൂടി പ്രക്രിയയില്‍ ഭാഗമാകും.ഡിസംബര്‍ ഒന്നിന് ആരംഭിച്ച പൈലറ്റ് പ്രോജക്ടില്‍ ഇതിനോടകം 7.70 ലക്ഷം ഇടപാടുകള്‍ നടന്നു. ഇപ്പോള്‍ അഞ്ച് നഗരങ്ങളില്‍ സിബിഡിസി നടപ്പിലാക്കി വരികയാണ്.
ഒമ്പത് നഗരങ്ങളെ കൂടി ക്രമേണ ഉള്‍പ്പെടുത്തും.സിബിഡിസി അവതരിപ്പിക്കാന്‍ ഇന്ത്യയുള്‍പ്പടെ നൂറോളം രാജ്യങ്ങളാണ് ശ്രമിക്കുന്നത്. റീട്ടെയില്‍ സിബിഡിസിക്ക് മുമ്പ്, മൊത്തവ്യാപാര സിബിഡിസി പൈലറ്റ് കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.