
വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ നിലപാടില്‍ അയവ് വരുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ പ്രസിഡന്റ്, ചര്‍ച്ചകള്‍ തുടരാനുള്ള സന്നദ്ധതയറിയിച്ചു.
‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,’ തന്റെ ട്രൂത്ത് പ്ലാറ്റ്‌ഫോമില്‍ ട്രംപ് കുറിച്ചു.
‘എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങള്‍, വിജയകരമായി സമവായം കണ്ടെത്തുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഴ്ചകളായി തുടരുന്ന താരിഫ് വര്‍ദ്ധനവിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കാനും റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 25 ശതമാനം അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
കൂടാതെ ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ യൂറോപ്യന്‍ യുണിയനുമായി ഏകോപനം നടത്താനും അദ്ദേഹം തയ്യാറായി. ഇന്ത്യയുമായി യുഎസിന് പ്രത്യേക ബന്ധമാണുള്ളതെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഊഷ്മളമാകുമെന്നും പിന്നീട് അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിക്കുകയാണ്. ഇത് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില സന്തുലിതമാക്കുന്നുണ്ടെന്നാണ് രാജ്യത്തിന്റെ വാദം. ട്രംപിന്റെ പുതിയ പരാമര്‍ശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഊഷ്മളമായി പ്രതികരിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം പുരോഗമനമാത്മകവും സമഗ്രവുമാണെന്ന് പറഞ്ഞ അദ്ദേഹം ട്രംപിന്റെ വിലയിരുത്തലിനെ സ്വാഗതം ചെയ്തു. യുഎസ് പ്രസിഡന്റുമായി സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.