
എല്‍ഐസിയുടെ ലിസ്റ്റിംഗോടെ എന്‍എസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി ഉടമസ്ഥത ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 7.15 ശതമാനമായി ഉയര്‍ന്നു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ഇത് 5.48 ശതമാനമായിരുന്നു.
മൂല്യത്തിന്റെ അടിസ്ഥാനത്തിലും 20.24 ശതമാനം ഉയര്‍ച്ചയാണുണ്ടായത്. എന്‍എസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി ഉടമസ്ഥതയുടെ മൂല്യം 17 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ഇത് 14.13 ലക്ഷം കോടി രൂപയായിരുന്നു.
പ്രധാനമായും എല്‍ഐസിയുടെ ലിസ്റ്റിംഗ് മൂലമാണ് എന്‍എസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി ഉടമസ്ഥതയുടെ മൂല്യം ഉയര്‍ന്നത്.
4.29 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള എല്‍ഐസി എന്‍എസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളില്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പത്താമതാണ്. അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യത്തേക്കാള്‍ താഴെയാണ്. 17.63 ലക്ഷം കോടി രൂപയാണ് റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യം.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ ലിസ്റ്റഡ് കമ്പനികളിലെ സര്‍ക്കാരിന്റെ ഓഹരി ഉടമസ്ഥത കുത്തനെ കുറയുകയാണ് ചെയ്‌തത്. 2009 ജൂണില്‍ 22.48 ശതമാനം ഓഹരി പങ്കാളിത്തം സര്‍ക്കാരിന് ലിസ്റ്റഡ് കമ്പനികളിലുണ്ടായിരുന്നു. അതാണ് 7.15 ശതമാനമായി കുറഞ്ഞത്.