
ന്യൂഡല്‍ഹി: അടുത്തിടെ ലിസ്റ്റുചെയ്ത ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ഇടംനേടി. 97.26 ബില്യണ്‍ ഡോളര്‍ വരുമാനവും 553.8 മില്യണ്‍ ഡോളര്‍ ലാഭവുമുള്ള രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറര്‍, പട്ടികയില്‍ 98ാം സ്ഥാനത്താണ്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലവിലെ സ്ഥാനം മെച്ചപ്പെടുത്തി 104ാം സ്ഥാനത്തെത്തി.
എല്‍ഐസിയുടെ ആദ്യ പ്രവേശനമാണിത്. 93.98 ബില്യണ്‍ ഡോളര്‍ വരുമാനവും 8.15 ബില്യണ്‍ ഡോളറിന്റെ അറ്റാദായവുമുള്ള റിലയന്‍സ് 19 വര്‍ഷമായി പട്ടികയിലുണ്ട്. യുഎസ് റീട്ടെയിലര്‍ വാള്‍മാര്‍ട്ട് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ മൊത്തം ഒമ്പത് ഇന്ത്യന്‍ കമ്പനികളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും നാലെണ്ണം സ്വകാര്യകമ്പനികളുമാണ്.
ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ നവാഗതരായ എല്‍ഐസി മാത്രമാണ് റിലയന്‍സിനേക്കാള്‍ ഉയര്‍ന്ന റാങ്ക് നേടിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) 28 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 142ാം റാങ്കിലെത്തിയപ്പോള്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 190ലാണുള്ളത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 236ാം സ്ഥാനത്തും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 295ലും എത്തി.
രണ്ട് ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ -ടാറ്റ മോട്ടോഴ്‌സ് ,ടാറ്റ സ്റ്റീല്‍ എന്നിവ – യഥാക്രമം 370, 435 സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. 437ാം റാങ്കിലുള്ള രാജേഷ് എക്‌സ്‌പോര്‍ട്ട്‌സാണ് ലിസ്റ്റില്‍ ഇടം പിടിച്ച മറ്റൊരു സ്വകാര്യ ഇന്ത്യന്‍ കമ്പനി. ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500ന്റെ മൊത്തം മൂല്യം, 19 ശതമാനം വര്‍ധിച്ച് 37.8 ട്രില്യണ്‍ ഡോളറാകുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കാണിത്.
ആമസോണിനെ പിന്തള്ളി വാള്‍മാര്‍ട്ട് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചൈനീസ് ഊര്‍ജ്ജ ഭീമന്‍മാരായ സ്‌റ്റേറ്റ് ഗ്രിഡ്, ചൈന നാഷണല്‍ പെട്രോളിയം, സിനോപെക് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി. ഗ്രേറ്റര്‍ ചൈനയിലെ (തായ്‌വാന്‍ ഉള്‍പ്പെടെ) 500 കമ്പനികളില്‍ നിന്നുള്ള വരുമാനം, യുഎസ് കമ്പനികളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ ആദ്യമായി, കൂടുതലായതും പ്രത്യേകതയായി.
മൊത്തം തുകയുടെ 31 ശതമാനമാണ് ചൈനീസ് കമ്പനികളുടെ വരുമാനം.വില്‍പന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റഡ് കമ്പനികളെ റാങ്ക് ചെയ്തിരിക്കുന്ന ലിസ്റ്റാണ് ഫോര്‍ച്യുണ്‍ 500.