തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു (vizhinjam international seaport) ചേർന്ന പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള ആധുനിക മീൻപിടിത്ത തുറമുഖം(fishing port) ഉടൻ യാഥാർഥ്യമാകും. 140 കോടി മുടക്കുമുതലിൽ നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ അന്തിമഘട്ടത്തിലാണ്.
വിഴിഞ്ഞത്തെ നിലവിലെ മീൻപിടിത്ത തുറമുഖത്തിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുമിടയിലുള്ള വലിയ കടപ്പുറത്താണ് തുറമുഖം വരുന്നത്.
വമ്പൻ മത്സ്യബന്ധന ബോട്ടുകൾക്കുൾപ്പെടെ അടുക്കാൻ പറ്റുന്ന രീതിയിൽ 500 മീറ്റർ നീളമുള്ള ബർത്താണ് പണിയുന്നത്. പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനാണ്(സി.ഡബ്ള്യു.പി.ആർ.എസ്.) രൂപരേഖ തയ്യാറാക്കുന്നത്.
കേരള സർക്കാരിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡാണ്(വിസിൽ) വിഴിഞ്ഞത്ത് പുതിയ തുറമുഖം രൂപകല്പനചെയ്തു നിർമിക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ, പുതിയ മീൻപിടിത്ത തുറമുഖം നിർമിക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, സാങ്കേതികപ്രശ്നങ്ങളും മറ്റും കാരണം ഇതു നീണ്ടുപോവുകയായിരുന്നു.
70 കോടി രൂപ തുറമുഖനിർമാണത്തിനും 70 കോടി പുലിമുട്ട് നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. നേരത്തേ അദാനി തുറമുഖ കമ്പനിയെക്കൊണ്ട് നിർമാണം നടത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്.
എന്നാൽ, ആദ്യഘട്ടത്തിലെ രൂപരേഖയിൽ കാര്യമായ മാറ്റം വന്നതിനാൽ, നിർമാണത്തിന് പുതിയ ടെൻഡർ ക്ഷണിക്കേണ്ടിവരും. എന്നാൽ, തുറമുഖനിർമാണ മേഖലയിൽ അദാനി ഗ്രൂപ്പിനുള്ള സാങ്കേതികവൈദഗ്ദ്ധ്യം മത്സ്യബന്ധന തുറമുഖ നിർമാണത്തിന് ഉപയോഗപ്പെടുത്തണമെന്ന വാദവും സർക്കാർ പരിഗണിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഇവിടെനിന്നുള്ള മത്സ്യ കയറ്റുമതിയും ലക്ഷ്യമിട്ടാണ് പുതിയ തുറമുഖം നിർമിക്കുക. കയറ്റുമതിക്കായുള്ള മീൻ, ബോട്ടുകളിൽ എത്തിക്കുന്നതിനു മുതൽ പായ്ക്കുചെയ്യുന്നതിനു വരെ അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്.
പുതിയ തുറമുഖത്തെ വാർഫും മറ്റും ഈ മാനദണ്ഡങ്ങൾക്കനുസരിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ബോട്ടുകളും വള്ളങ്ങളും ഒതുക്കാനുള്ള ജെട്ടിയും വാർഫും എൻജിനുകളും വലയും മറ്റും സൂക്ഷിക്കാനുള്ള ലോക്കർ റൂം, മീൻ ലേലത്തിനുള്ള ഓക്ഷൻ ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, ടോയ്ലറ്റ് ബ്ലോക്കുകൾ, കാന്റീൻ തുടങ്ങിയവയും തുറമുഖത്തുണ്ടാകും.
നിലവിലെ മത്സ്യബന്ധന തുറമുഖത്തുനിന്ന് കോട്ടപ്പുറം വഴി ഇവിടേക്കുള്ള റോഡുകൾ ആധുനികരീതിയിൽ നവീകരിക്കും.
ഇതിനൊപ്പം വിഴിഞ്ഞം പള്ളിക്കു സമീപത്തെ പഴയ തുറമുഖം 45 കോടി രൂപ മുടക്കിയാണ് ആധുനികീകരിക്കുന്നത്.
ഇതിനോടൊപ്പം മൊഹിയുദ്ദീൻ പള്ളിയോടു ചേർന്നുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ ഭാഗം 25 കോടി മുടക്കിയും നവീകരിക്കും. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ.) പദ്ധതിപ്രകാരം കേന്ദ്രസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേന്ദ്രസഹായത്തിനായി വിശദമായ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്.