സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

1,249 കോടി കൂടി കടമെടുക്കാൻ കേരളം; ഈ വർഷത്തെ മൊത്തം കടം 29,250 കോടി

തിരുവനന്തപുരം: ശമ്പളം, പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. കടപ്പത്രങ്ങളിറക്കി 1,249 കോടി രൂപയാണ് കേരളം കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ഇതിനായുള്ള ലേലം നവംബർ 19ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ പോർട്ടലിൽ നടക്കും. 7 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളാണ് കേരളം പുറത്തിറക്കുക.

നവംബർ 5ന് കേരളം 1,000 കോടി രൂപ കടമെടുത്തിരുന്നു. 19ന് 1,249 കോടി രൂപ കൂടി എടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം സംസ്ഥാന സർക്കാരിന്റെ കടം 29,247 കോടി രൂപയാകും.

നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ 21,253 കോടി രൂപ കടമെടുക്കാനായിരുന്നു കേന്ദ്രം നേരത്തേ കേരളത്തെ അനുവദിച്ചിരുന്നത്. ഓണക്കാലവും സാമ്പത്തികപ്രതിസന്ധിയും ചൂണ്ടിക്കാട്ടി കേരളം ഇളവ് ചോദിച്ചതോടെ കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. ആ പരിധിയുമാണ് നവംബർ 19ഓടെ അവസാനിക്കുക.

സർക്കാർ സാമ്പത്തിക ഞെരുക്കത്തിലേക്ക്
ഏകദേശം 12,000 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ പ്രതിമാസ വരുമാനം. ചെലവ് 15,000 കോടി രൂപയോളവും.

അതായത്, ഓരോ മാസവും 3,000 കോടി രൂപ അധികമായി കണ്ടെത്തണം. നടപ്പുവർഷം ആകെ (ഏപ്രിൽ-മാർച്ച് കാലയളവിൽ) 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാലും ഇനി എടുക്കാൻ ശേഷിക്കുന്നത് 8,263 കോടി രൂപ മാത്രം.

അതായത്, നവംബർ 19ന് ശേഷം നടപ്പുവർഷം അവസാനിക്കാൻ നാലരമാസം കൂടിശേഷിക്കേ, ശരാശരി 3,000 കോടി രൂപ അധികമായി വേണ്ടിടത്ത് എടുക്കാനാകുക ശരാശരി 2,000 കോടി രൂപ മാത്രം.

നിലവിൽ തന്നെ പദ്ധതിച്ചെലവുകൾ വെട്ടിക്കുറച്ചിട്ടുണ്ട് സർക്കാർ. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ വരുംമാസങ്ങളിൽ കടുത്ത ചെലവുചുരുക്കൽ നടപടികളിലേക്ക് സംസ്ഥാന സർക്കാരിന് നീങ്ങേണ്ടിവരും.

കേരളത്തിന്റെ കടപരിധി നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നും കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്രം ഇനിയും പരിഗണിച്ചിട്ടില്ല.

കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള നീക്കവും കേരളം നടത്തുന്നുണ്ട്. അധികമായി 11,500 കോടി രൂപ കൂടി അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

X
Top