Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

കേരളാ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പൊതുതെളിവെടുപ്പ് നാളെ; കൂട്ടമായെത്തി പരാതി പറയാൻ സോളാർ വൈദ്യുതി ഉത്പാദകർ

  • തെളിവെടുപ്പിൽ പങ്കെടുക്കുവാൻ വലിയ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളുമായി സോളാർ വൈദ്യതി ഉത്പാദകാരുടെ കൂട്ടായ്‍മകൾ

തിരുവനന്തപുരം: നാളെ നടക്കുന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പിൽ പങ്കെടുത്ത് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും കമ്മീഷന്റെ മുമ്പിൽ കൊണ്ടുവരുവാനും അടിയന്തിര ഇടപെടൽ തേടുവാനും തയ്യാറെടുത്ത് കേരളത്തിലെ ഗാർഹീക സോളാർ വൈദ്യുതി ഉത്പാദകർ. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസ് ഹാളിലാണ് തെളിവെടുപ്പ് നടക്കുന്നത്. സോളാർ ഉത്പാദനവും കെഎസ്ഇബി നിലപാടുകളിലെ വൈരുധ്യങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ ആശങ്കകളും പരാതികളും ഉയരുന്ന സാഹചര്യത്തിൽ നാളത്തെ തെളിവെടുപ്പിൽ സോളാർ ഉല്പാദകരുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടാകുവാനുള്ള സാധ്യതയാണ് കാണുന്നത്.

സോളാർ ഉത്പാദരുടെ ഫിക്സഡ് ചാർജ് ഈടാക്കുന്നതിലെ അശാസ്ത്രീയത, നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിങ് എന്നിവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്തിട്ടുള്ള ആശങ്കകൾ, ബില്ലിംഗ് സൈക്കിളിലെ മാറ്റം സൃഷ്ട്ടിച്ച പ്രശനങ്ങൾ, നിയമവിരുദ്ധമായി ജനറേഷൻ ഡ്യൂട്ടി ഈടാക്കുന്നതിനെതിരെയുള്ള നിലപാട് (ജനറേഷൻ ഡ്യൂട്ടി റെഗുലേറ്ററി കമ്മിഷന്റെ പരിധിയിൽ വരുന്നതല്ല), കെഎസ്ഇബി ഗ്രിഡിന്റെ അപര്യാപ്തത തുടങ്ങി സോളാർ ഉത്പാദകർ നേരിടുന്ന നിരവധി പ്രശനങ്ങൾ ഒറ്റയ്ക്കും കൂട്ടായും ഉന്നയിക്കുവാൻ സോളാർ പ്രോസ്യൂമേഴ്‌സ് തയ്യാറെടുക്കുന്നതായാണ് സൂചന. വലിയ ജനസഞ്ചയം പ്രതീക്ഷിക്കുന്നതിനാൽ തന്നെയാണ് നാളത്തെ തെളിവെടുപ്പ് റെഗുലേറ്ററി കമ്മിഷന്റെ ഓഫീസിന് പുറത്തുള്ള വേദിയിൽ ക്രമീകരിച്ചിരിക്കുന്നത്.

അതിനിടെ, നാളെ നടക്കുന്ന തെളിവെടുപ്പിൽ സോളാർ വൈദ്യുതി ഉത്പാദകരുടെ നിലവിലുള്ള ബില്ലിങ്‌രീതി മാറ്റുന്നത് പരിഗണനയിലില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ ഉത്പാദകർക്ക് കൂടുതൽ ബാധ്യതയുണ്ടാക്കുന്ന ഗ്രോസ് ബില്ലിങ് രീതി നടപ്പാക്കുന്നതിനും ഉത്‌പാദകർക്ക് ഡ്യൂട്ടി കൂട്ടുന്നതിനും എതിരായി കമ്മിഷന് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മിഷന്റെ വിശദീകരണം.
നിലവിൽ, 2020-ൽ വന്ന പുനരുപയോഗ ഊർജറെഗുലേഷനിലെ 21, 26 ചട്ടങ്ങൾ അനുസരിച്ചാണ് സോളാർ ഉത്പാദകരുടെ ബിൽ തയ്യാറാക്കുന്നത്. കരട് ചട്ടത്തിൽ ഇതിൽ ഒരു ഭേദഗതിയും നിർദേശിച്ചിട്ടില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

നാളെ നടക്കുന്ന റെഗുലേറ്ററി കമ്മിഷന്റെ മീറ്റിംഗിന് ശേഷം, അനധികൃതമായി സംസ്ഥാന സർക്കാർ ഈടാക്കി വന്നിരുന്നതും കഴിഞ്ഞ ബഡ്ജറ്റിൽ വൻ തോതിൽ വർധിപ്പിച്ചതുമായ ജനറേഷൻ ഡ്യൂട്ടിക്കെതിരെ കോടതിയെ സമീപിക്കുവാനും സോളാർ വൈദ്യതി ഉല്പാദകരുടെ കൂട്ടായ്മകൾ ആലോചിക്കുന്നുണ്ട്. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ജനറേഷൻ ഡ്യൂട്ടി ഈടാക്കരുത് എന്ന കേന്ദ്ര സർക്കാരിന്റെ സർക്കുലർ നിലനിൽക്കുമ്പോഴാണ് കേരളം ചെറുകിട സോളാർ വൈദ്യുതി ഉത്പാദകരെ ചൂഷണം ചെയ്യുന്നത് എന്ന് അവർ ആരോപിക്കുന്നു. ഇതിനെതിരെ ഉടൻ നിയമ നടപടി ആരംഭിക്കും.

സോളാർ ഉത്പാദകർ ഉല്പാദിപ്പിക്കുന്ന വൈദ്യുതി സ്വന്തമായി ഉപയോഗിക്കുന്നതും കൂട്ടിയാണ് കെഎസ്ഇബി നിലവിൽ ഫിക്സഡ് ചാർജ് നിശ്ചയിക്കുന്നത്. ഇത് മൂലം സോളാർ ഉൽപ്പാദകർക്ക് ഉയർന്ന സ്ലാബിലുള്ള ഫിക്സഡ് ചാർജ് നൽകേണ്ടി വരുന്നു. ഇത് അനീതിയാണെന്നാണ് അവരുടെ പക്ഷം. ഇതിന് പകരം ഗ്രിഡിൽ നിന്നും ഇമ്പോർട്ട് ചെയ്യുന്ന വൈദ്യുതിയുടെ അളവ് മാത്രം പരിഗണിച്ച് ഫിക്സഡ് ചാർജ് നിശ്ചയിക്കണമെന്ന് സോളാർ വൈദ്യുതി ഉത്പാദകരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു. ഇതും നാളത്തെ മീറ്റിംഗിൽ ചോദ്യം ചെയ്യപ്പെടും.

സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഏപ്രിൽ മാസം മുതൽ ബില്‍തുക കൂടിയതിന് ഒരു കാരണമായി പറയാവുന്നത് ജെനറേഷൻ ഡ്യൂട്ടി എന്നറിയപ്പെടുന്ന ഈ സര്‍ക്കാര്‍ നികുതിയാണ്. വൈദ്യുതി ഉല്‍പാദന നികുതി ഏപ്രിലില്‍ യൂണിറ്റിന് പതിനഞ്ചു പൈസയായി ഉയര്‍ത്തി. അതായത് 100 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ സര്‍ക്കാരിന് പതിനഞ്ചുരൂപ നികുതിയും നല്‍കണം. വീട്ടിലെ ആവശ്യത്തിന് കെ.എസ്.ഇ,ബിയുടെ വൈദ്യുതി എടുക്കാതെ സൗരോര്‍ജം മാത്രം ഉപയോഗിച്ചാലും ഈ നികുതി നല്‍കേണ്ടിവരും.

സോളർ ബിൽ സെറ്റിൽമെന്റ് സെപ്റ്റംബറിൽ നിന്നു മാർച്ചിലേക്കു മാറ്റിയതാണ് ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയായ മറ്റൊരു കാര്യം. സോളാർ ഉത്‌പാദനത്തിന്റെ ബാങ്കിങ് സൈക്കിൾ മാറിയതറിയാതെയാണ് പലരും ഏപ്രിൽ മാസം കൂടുതൽ വൈദ്യതി ഉപയോഗിച്ചത്. ബാങ്കിങ് കാലക്രമം മാറിയതോടെ തട്ടിക്കിഴിക്കാൻ അക്കൗണ്ടിൽ മുൻകാല വൈദ്യുതി മിച്ചവും ഇല്ലാതായി. ഇതോടെ ബില്ലിൽ വലിയ വർധനവുണ്ടായി. ഒരുവർഷം എന്നത് നേരത്തേ ഒക്ടോബർ മുതൽ അടുത്തവർഷം സെപ്റ്റംബർവരെ ആയിരുന്നു. 2022-ലെ റെഗുലേഷനിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇത് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയാക്കി. മാർച്ച് 31 വരെ എത്ര ബാക്കിനിൽക്കുന്നോ അതിന് പണം കിട്ടും. ഏപ്രിൽ ഒന്നുമുതൽ അക്കൗണ്ടിലെ നീക്കിയിരിപ്പ് പൂജ്യം യൂണിറ്റായിരിക്കും. ഇതാണ് ഇപ്പോൾ സോളാർ ഉല്പാദകർക്ക് തിരിച്ചടിയായിരിക്കുന്നത്.

സോളാർ വൈദ്യതിയുമായി ബന്ധപ്പെട്ട് ഒരു വിഭാഗം കെഎസ്ഇബി ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെയും സോളാർ സ്ഥാപിക്കുവാൻ പുതിയതായി കടന്നുവരുന്ന ഉപഭോക്താക്കളോട് കെഎസ്ഇബി പുലർത്തുന്ന നിസ്സംഗ മനോഭാവവും നിരുത്സാഹപ്പെടുത്തുന്ന നിലപാടുകളും നാളത്തെ തെളിവെടുപ്പിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. പുതിയതായി സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവർ നേരിടുന്ന നെറ്റ് മീറ്ററിന്റെ ലഭ്യതക്കുറവും മറ്റ് അടിസ്ഥാന പ്രശനങ്ങളും ഉന്നയിക്കപ്പെട്ടേക്കും എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷൻസ്, 2024-ന്റെ കരടിന്മേലുള്ള രണ്ടാം പൊതു തെളിവെടുപ്പായതിനാൽ മറ്റുള്ള വിഷയങ്ങളിൽ പരാതി പറയുവാനോ ചർച്ച ചെയ്യുവാനോ ഉള്ള അവസരം ലഭിക്കുവാൻ സാധ്യത കുറവാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഈ വിഷയത്തിൽ മാർച്ച് 20 നു നടത്തിയ പൊതു തെളിവെടുപ്പിൽ പങ്കെടുക്കാനും അഭിപ്രായം രേഖപ്പെടുത്താനും സാധിക്കാത്തവർക്ക് വേണ്ടിയാണ് നാളത്തെ തെളിവെടുപ്പെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 20നു നടന്ന പൊതുതെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചവരും താപാൽ/മെയിൽ മുഖാന്തിരം അഭിപ്രായം രേഖപ്പെടുത്തിയവരും നാളെ നടക്കുന്ന രണ്ടാം തെളിവെടുപ്പിൽ പങ്കെടുക്കേണ്ടതില്ല എന്നും കമ്മീഷന്റെ അറിയിപ്പിൽ പറയുന്നു.

സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും നാളത്തെ തെളിവെടുപ്പിൽ പങ്കെടുത്ത് തങ്ങളുടെ പ്രശ്ങ്ങൾ കമ്മീഷനെ നേരിട്ട് ബോധ്യപ്പെടുത്താനുള്ള ഉറച്ച നിലപടിലും തയ്യാറെടുപ്പിലുമാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഗാർഹിക സോളാർ വൈദ്യുതി ഉത്പാദകരും ഉത്പാദക കൂട്ടായ്മകളും.

X
Top