
തിരുവനന്തപുരം: വ്യവസായവകുപ്പ് സംരംഭകവർഷം ആചരിക്കുന്നതിന്റെ ഭാഗമായി നാലുശതമാനം പലിശനിരക്കിൽ നടപ്പാക്കുന്ന വായ്പാപദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ മന്ത്രി പി.രാജീവ് നിർവഹിച്ചു. 13 അപേക്ഷകർക്ക് മന്ത്രി വായ്പാവിതരണം നടത്തി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തിലാണ് സംരംഭക വായ്പാപദ്ധതി നടപ്പാക്കുന്നത്.
പുതിയ എം.എസ്.എം.ഇകൾക്കും നിലവിലുള്ളവയ്ക്കും പ്രയോജനകരമാണ് കേരള സംരംഭക വായ്പാപദ്ധതി. 10 ലക്ഷം രൂപവരെയുള്ള വായ്പകൾക്കാണ് പലിശയിളവ്. വായ്പയ്ക്കായി അപേക്ഷിക്കാൻ പ്രത്യേക പോർട്ടലുണ്ട്. അപേക്ഷകന് ഉദ്യം രജിസ്‌ട്രേഷൻ വേണം. അഞ്ചുലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസത്തിനകവും 10 ലക്ഷം വരെയുള്ളത് ഒരു മാസത്തിനുള്ളിലും തീർപ്പാക്കും. തദ്ദേശസ്ഥാപനങ്ങളിൽ ആഗസ്റ്റിൽ വായ്പാമേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിൽ നിയമിച്ച ഇന്റേണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. എസ്.എൽ.ബി.സി കൺവീനർ എസ്.പ്രേംകുമാർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എം.ജി.രാജമാണിക്കം, വ്യവസായവകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കെ.എഫ്.സി എക്സിക്യുട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രൻ, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ്, സി.ഐ.ഐ ചെയർ ജീമോൻ കോര, ഫിക്കി കോ-ചെയർ എം.ഐ.സഹദുള്ള, സി.ഐ.ഐ കേരള പ്രതിനിധി ഗണേഷ്, ടൈ കേരള എക്സിക്യുട്ടീവ് ഡയറക്ടർ അരുൺനായർ, വ്യവസായവകുപ്പ് ജോയിന്റ് ഡയറക്ടർ ജി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.