
തിരുവനന്തപുരം: കേരളബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി ഏഴ് ശതമാനത്തിന് താഴെയാക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. ഇതിനായി ആക്‌ഷൻ പ്ലാൻ പ്രവർത്തനങ്ങൾ ജില്ലകളിൽ പുരോഗമിക്കുകയാണ്.
കേരളബാങ്ക് രൂപീകരിച്ച ശേഷം 2019 നവംബർ 29ന് 8,833.95 കോടി രൂപയായിരുന്ന നിഷ്‌ക്രിയ ആസ്തി 2020 മാർച്ചിൽ 6,126.55 കോടിയായും 2021ൽ 5,738.65 കോടിയായും കഴിഞ്ഞ സാമ്പത്തിക വർഷം 5,466.53 കോടി രൂപയായും കുറയ്ക്കാൻ സാധിച്ചു.
നിഷ്‌ക്രിയ ആസ്തി കുറയ്ക്കാൻ ‘നവകേരളീയം” ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കി. പലിശയുടെ 50ശതമാനം വരെയാണ് ഇളവ്.
ചെറുകിട കച്ചവടക്കാർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് പുറമേ റിക്കവറി മാനേജ്‌മെന്റ് പോളിസി കോംപ്രമൈസ് സെറ്റിൽമെന്റ് സ്‌കീമുമുണ്ട്. കേരള ബാങ്കിൽ ഇതിനകം 60,339 തൊഴിലവസരങ്ങളും മറ്റ് സഹകരണമേഖലയിൽ 56,259 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
6,000 കോടി ലക്ഷ്യമിട്ട നിക്ഷേപ സമാഹരണത്തിൽ 9,960 കോടി രൂപ സമാഹരിച്ചു. പലിശയെങ്കിലും പൂർണമായും അടയ്ക്കാത്തവർക്ക് വായ്പ പുതുക്കി നല്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.